LiveTV

Live

National

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കാവല്‍ സര്‍ക്കാരിന്റെ കാലാവധി ഇന്നവസാനിക്കും

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയെ പിന്തുണക്കുമോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കാവല്‍ സര്‍ക്കാരിന്റെ കാലാവധി ഇന്നവസാനിക്കും

ബി.ജെ.പി നുണ പറയുകയാണെന്നും അമിത് ഷാ അടക്കമുള്ളവര്‍ക്ക് ഇരട്ടത്താപ്പാണെന്നും കുറ്റപ്പെടുത്തി ശിവസേന അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനത്തോടെ എന്‍.ഡി.എയിലെ ഏറ്റവും പ്രബലരായ രണ്ടു കക്ഷികള്‍ തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയെ പിന്തുണക്കുമോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്.

ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളുമായി ശിവസേനയും ബി.ജെ.പിയും തെരുവില്‍ ഇറങ്ങിയതോടെ 35 വര്‍ഷം നീണ്ട ഇരു സംഘടനകളുടെയും ബന്ധമാണ് തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസോ എന്‍.സി.പിയോ ശിവസേനക്ക് പിന്തുണ നല്‍കുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരവസരം കൂടിയുണ്ട്. പാര്‍ട്ടി ഇക്കാര്യം ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന അടക്കമുള്ള പാര്‍ട്ടികളിലെ വിമതരെയും സ്വതന്ത്രരെയും ക്രമേണ കുതിരക്കച്ചവടത്തിലൂടെ ഒപ്പം നിര്‍ത്താനുള്ള സാധ്യതയാണ് ബി.ജെ.പി മുന്നില്‍ കാണുന്നത്. അതേസമയം ബി.ജെ.പി കുതിരക്കച്ചവത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളെ ഫട്‌നാവിസ് നിഷേധിച്ചു.

ഇതിനിടെ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബാലാസാഹിബ് തൊറാത്ത് എന്നീ നേതാക്കള്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ എത്തി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ബി.ജെ.പി ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനും കൂറുമാറുന്ന അംഗങ്ങളുടെ മണ്ഡലത്തില്‍ ഒറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ നേരിടാനും ശിവസനേയുമായി ധാരണയില്‍ എത്തുന്നത് യോഗം അംഗീകരിച്ചതായാണ് സൂചന. അതേസമയം ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ ഇരു സംഘടനകളും ഇപ്പോഴും അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സര്‍ക്കാര്‍ രൂപീകരണം ഏതാണ്ട് അസാധ്യമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു പോലും ബി.ജെ.പിയെ തുണക്കാത്ത ചിത്രമാണ് മഹാരാഷ്ട്രയില്‍ രൂപപ്പെടുന്നത്.