LiveTV

Live

National

'ബാബരി മസ്ജിദ്' ട്വീറ്റിന്റെ പേരിൽ റാണ അയ്യൂബിന് പൊലീസിന്റെ ഭീഷണി; വിവാദമയപ്പോൾ പിൻവലിച്ചു

എന്തെങ്കിലും വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് റാണ അയ്യൂബ് പ്രതികരിച്ചു. എന്നാല്‍ അമേഠി പൊലീസ് തങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

'ബാബരി മസ്ജിദ്' ട്വീറ്റിന്റെ പേരിൽ റാണ അയ്യൂബിന് പൊലീസിന്റെ ഭീഷണി; വിവാദമയപ്പോൾ പിൻവലിച്ചു

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ ഭീഷണിയുമായി ഉത്തർപ്രദേശിലെ അമേഠി പൊലീസ്. 'രാഷ്ട്രീയ പ്രസ്താവന' ഉടൻ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നുമാണ് അമേഠി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് വന്ന ഭീഷണി.

ബാബരി വിധി; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് ഡി.ജി.പി
Also Read

ബാബരി വിധി; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് ഡി.ജി.പി

പിന്നാലെ, അമേഠി പൊലീസ് തന്നെ ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുമായി റാണ അയ്യൂബ് രംഗത്തുവന്നു. സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം രംഗത്തുവന്നു.

'നാളെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണ്. ഇന്ത്യൻ മുസ്ലിംകളുടെ വിശ്വാസത്തിന്റെ സ്മാരകമായിരുന്ന ബാബരി മസ്ജിദ് 1992 ഡിസംബർ ആറിന്, ഇപ്പോൾ ഭരണത്തിലിരിക്കുന്നവരാൽ പൊളിക്കപ്പെട്ടു. ഇത് എന്റെയും ഒരു തലമുറയിലെ മുസ്ലിംകളുടെ തന്നെയും ജീവിതത്തെ മാറ്റിമറിച്ചു. അവർ ഒറ്റരാത്രികൊണ്ട് അപരവൽക്കരിക്കപ്പെട്ടു. എന്റെ രാജ്യം എന്നെ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ'

എന്നാണ് വെള്ളിയാഴ്ച രാത്രി റാണ അയ്യൂബ് ട്വിറ്ററിൽ കുറിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും കമന്റ് ചെയ്യുന്നതിനിടെയാണ് അമേഠി പൊലീസ് വിചിത്രമായ ഭാഷയിലുള്ള ഭീഷണിയുമായി രംഗത്തുവന്നത്.

'ബാബരി മസ്ജിദ്' ട്വീറ്റിന്റെ പേരിൽ റാണ അയ്യൂബിന് പൊലീസിന്റെ ഭീഷണി; വിവാദമയപ്പോൾ പിൻവലിച്ചു

'നിങ്ങൾ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. എത്രയുംവേഗം ഇത് ഡിലീറ്റ് ചെയ്യുക. ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ അമേഠി പൊലീസ് നിയമനടപടി സ്വീകരിക്കും' - എന്നായിരുന്നു ഇത്. എന്നാൽ, നിമിഷങ്ങൾക്കകം ഈ ട്വീറ്റ് അമേഠി പൊലീസ് ഡിലീറ്റ് ചെയ്തു.

അതേമസമയം, അമേഠി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എസ്.പി ഖ്യാതി ഗാർഗ് ഐ.എ.എസ് നടത്തിയ പ്രസ്താവനയിൽ 'രാമജന്മഭൂമി സംബന്ധിച്ചുള്ള വിധി വരാനിരിക്കുകയാണ്' എന്ന് പറയുന്നുണ്ട്.

പൊലീസ് ഭീഷണിക്കെതിരെ റാണ അയ്യൂബിന് പിന്തുണയുമായി അന്താരാഷ്ട്ര വനിതാ മാധ്യമ ഫൗണ്ടേഷൻ (ഐ.ഡബ്ല്യു,എം.എഫ്) അടക്കം നിരവധി പേർ രംഗത്തുവന്നു.

'മാധ്യമപ്രവർത്തകർ സത്യംപറയുന്നവരാണ്. ക്രിമനലുകളല്ല. റാണ അയ്യൂബിനെതിരെ ഈയിടെ നടന്ന ഭീഷണിയെ ഞങ്ങൾ അപലപിക്കുകയും മാധ്യമശബ്ദങ്ങൾ നിശ്ശബ്ദമാക്കാനുള്ള നടപടിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്യുന്നു' - ഐ.ഡബ്ല്യു,എം.എഫ് ട്വീറ്റ് ചെയ്തു.

'ഐ.പി.സിയിലെ ഏത് വകുപ്പാണ് രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിനെ വിലക്കുന്നത്? ഇങ്ങനെ പോയാല്‍ നാളെ ടി.വി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ സൂക്ഷിക്കേണ്ടി വരുമല്ലോ - എന്നായിരുന്നു മാധ്യമപ്രവർത്തക ഫയേ ഡിസൂസയുടെ പ്രതികരണം.

ഫോറിൻപോളിസി മാനേജിംഗ് എഡിറ്റർ രവി അഗർവാൾ, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രതിനിധി റബേക്ക വിൻസന്റ്, മിഡിൽഈസ്റ്റ് ഐ മാധ്യമപ്രവർത്തകൻ അസദ് ഇസ്സ, ഫോബ്‌സ് മാധ്യമപ്രവർത്തകൻ അഭിഷേക് ബക്ഷി, വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തക വിധി ദോഷി തുടങ്ങി നിരവധി പേർ റാണക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു.

'ബാബരി മസ്ജിദ്' ട്വീറ്റിന്റെ പേരിൽ റാണ അയ്യൂബിന് പൊലീസിന്റെ ഭീഷണി; വിവാദമയപ്പോൾ പിൻവലിച്ചു

തന്റെ ട്വീറ്റില്‍ എന്തെങ്കിലും വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഡിലീറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് റാണ അയ്യൂബ് പ്രതികരിച്ചു. എന്നാല്‍ അമേഠി പൊലീസ് തങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.