LiveTV

Live

National

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്

സംസ്ഥാനത്തെ 52 ജില്ലകളില്‍ നിന്നുള്ള 1,100 പൊലീസ് സ്റ്റേഷനുകളിലേക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്

സുപ്രിംകോടതി ബാബരി മസ്ജിദ് വിധി പറയാനിരിക്കെ, സുരക്ഷ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ അംഗന്‍വാടി ജീവനക്കാരെ വരെ അണിനിരത്തി സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെ, അതിന് മുമ്പായി കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഏതെങ്കിലും തരത്തില്‍ വര്‍ഗീയവികാരം ഇളക്കി വിടുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനും സര്‍ക്കാര്‍ നടപടികളാരംഭിച്ചു. തലസ്ഥാന നഗരമായ ഭോപാല്‍ ഉള്‍പ്പടെയ നിരവധി ജില്ലകളില്‍ നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേരുന്നതും നിരോധിക്കും. എല്ലാ സുരക്ഷ ഡിപ്പാര്‍ട്ടുമെന്റുകളെയും ഇതിന്റെ പ്രവര്‍ത്തനങ്ങളിലേക്കായി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം.

ബാബരി വിധി അടുത്തയാഴ്ച്ച; സുരക്ഷ ശക്തമാക്കി രാജ്യം
Also Read

ബാബരി വിധി അടുത്തയാഴ്ച്ച; സുരക്ഷ ശക്തമാക്കി രാജ്യം

സംസ്ഥാനത്തെ 52 ജില്ലകളില്‍ നിന്നുള്ള 1,100 പൊലീസ് സ്റ്റേഷനുകളിലേക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. വിധി പുറപ്പെടുവിക്കും വരെ അവധിയില്‍ പ്രവേശിക്കരുതെന്ന് പ്രത്യേക നോട്ടീസ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലേക്കായി താത്ക്കാലിക നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാനായി അംഗന്‍വാടി ജീവനക്കാരെയും ചുമതലപ്പെടുത്തി.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി 1980 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ സജീവ ചര്‍ച്ചാ വിഷയമാവുകയും, രാജ്യത്തിന്റെ രാഷ്ട്രീയ ഗതി തന്നെ നിര്‍ണയിക്കുകയും ചെയ്ത സംഭവമാവുകയായിരുന്നു. 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാബരി മസ്ജിദ് 1992ലാണ് തകര്‍ക്കപ്പെടുന്നത്. മൂവായിരത്തിലേറെ പേരാണ് തുടര്‍ന്നുണ്ടായ കൂട്ടക്കുരുതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്.