LiveTV

Live

National

ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാരം ഉപയോഗപ്പെടുത്തിയ കേസെന്ന നിലയിലും ഇതിന് പ്രാധാന്യം ഏറെയാണ്.

ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..

രാജ്യം കാത്തിരിക്കുന്ന വിധിയാണ് ബാബരി കേസിലേത്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാരം ഉപയോഗപ്പെടുത്തിയ കേസെന്ന നിലയിലും ഇതിന് പ്രാധാന്യം ഏറെയാണ്.

1528ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ നിര്‍മിച്ചതാണ് അയോധ്യയിലെ ബാബരി മസ്ജിദ്. അന്ന് മുതല്‍ മുസ്‍ലിംകള്‍ ഈ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിപ്പോന്നു. എന്നാല്‍ രാമന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്നും ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിച്ചു. 1853ലാണ് ബാബരി മസ്ജിദിനെതിരെ പ്രചാരണം ശക്തിപ്പെട്ടത്. 1885ല്‍ ക്ഷേത്രം പണിയാന്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് കോടതിയില്‍ അപേക്ഷ നല്‍കിയതോടെയാണ് സംഗതി കോടതി കയറിയത് .‌

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം
Also Read

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

1950ല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ നായര്‍ ബാബറി മസ്ജിദ് ഭൂമി അയോധ്യ മുന്‍സിപ്പല്‍ റീസീവര്‍ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡെയും ഹരജി നല്‍കി. 61ല്‍ സുന്നി വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. വിഎച്ച്പിയുടെ രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തോടെ വിഷയം കലുഷിതമായി. 89ല്‍ ബി.ജെ.പി അയോധ്യക്ഷേത്ര നിര്‍മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി.

90ല്‍ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ തേടി അദ്വാനി രഥയാത്ര സംഘടിപ്പിച്ചു. അതിന്റെ അലയൊലിയില്‍ 92ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. പിന്നീട് രാജ്യം സാക്ഷിയായത് വലിയ സംഘര്‍ഷങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമാണ്. 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ അദ്വാനിക്കെതിരെ കേസെടുത്തു. പള്ളി പൊളിച്ചതിലും പിന്നീടുണ്ടായ പ്രശ്‌നങ്ങളിലും ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തി.

ബാബരി വിധി: സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി 
Also Read

ബാബരി വിധി: സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി 

ഭൂമി മൂന്നായി തിരിച്ച് 2010ല്‍ അലഹാബാദ് ഹൈക്കോടതി ബാബരി കേസില്‍ വിധി പ്രഖ്യാപിച്ചു. ഭൂമി മൂന്നായി തിരിച്ച് ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്‍കി. ഇതിനെതിരെ വഖഫ് ബോര്‍ഡും ഹിന്ദു മഹാസഭയും സുപ്രീംകോടതിയെ സമീപിച്ചതോടെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യപ്പെട്ടു. നിലവിലെ സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഭരണഘടനാബഞ്ച് കേസില്‍ അന്തിമ വാദം കേള്‍ക്കുകയും വിധി പ്രസ്താവിക്കുന്നതിലേക്ക് കടക്കുകയും ചെയ്തു.