LiveTV

Live

National

പൊട്ടിയ ജനല്‍ ചില്ലില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് സ്പൈസ് ജെറ്റ്; വിമാന കമ്പനിയുടെ പ്രതികരണം ഇങ്ങനെ...

ഏതായാലും ഇത് പുറംലോകത്തെ അറിയിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ ഫോണില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച പൊട്ടിയ ജനല്‍ ചില്ലിന്റെ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു

പൊട്ടിയ ജനല്‍ ചില്ലില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് സ്പൈസ് ജെറ്റ്; വിമാന കമ്പനിയുടെ പ്രതികരണം ഇങ്ങനെ...

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കായി സ്പൈസ് ജെറ്റിന്റെ വിമാനത്തില്‍ കയറിയതായിരുന്നു ഹരിഹരന്‍ ശങ്കരന്‍. സീറ്റൊക്കെ കണ്ടുപിടിച്ച് ഇരുന്നു കഴിഞ്ഞപ്പോഴാണ് ഹരിഹരന്‍ ഞെട്ടിയത്. തന്റെ സീറ്റിന്റെ ജനല്‍ ചില്ല് പൊട്ടിയ അവസ്ഥയില്‍. അതിനെ കൂട്ടിയോജിപ്പിക്കാന്‍ ആരോ സെല്ലോ ടേപ്പ് ഒട്ടിച്ചിരിക്കുന്നു. വിമാനം പറക്കാന്‍ ആരംഭിച്ചാല്‍ വായു സമ്മര്‍ദം താങ്ങാനാവാതെ അപകടമുണ്ടാകുമോയെന്നായിരുന്നു ഹരിഹരന്റെ ഭയം.

ഏതായാലും ഇത് പുറംലോകത്തെ അറിയിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ ഫോണില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച പൊട്ടിയ ജനല്‍ ചില്ലിന്റെ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സ്പൈസ് ജെറ്റ് എസ്.ജി 8152 ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. പൊട്ടിയ ജനല്‍ ചില്ലും അതില്‍ ഒട്ടിച്ചിരിക്കുന്ന സെല്ലോ ടേപ്പും കാണാം. ഇതൊരു പ്രധാന സുരക്ഷാ പ്രശ്നമല്ലേ ? ആരെങ്കിലും അത് കേള്‍ക്കുന്നുണ്ടോ ? എന്നൊക്കെയുള്ള അടിക്കുറിപ്പോടെയായിരുന്നു ഹരിഹരന്‍ ചിത്രം ട്വീറ്റ് ചെയ്തത്. ചിത്രം വൈറലായതോടെ പ്രതികരണവുമായി സ്പൈസ് ജെറ്റ് രംഗത്തെത്തി. ''ഹരിഹരൻ, സ്‌പൈസ് ജെറ്റിൽ, സുരക്ഷയാണ് ഞങ്ങളുടെ പരമ പ്രധാനം, ഒരു സമയത്തും സ്പൈസ് ജെറ്റ് അതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കാനായി ഞങ്ങൾ തീർച്ചയായും ഇത് ബന്ധപ്പെട്ട തലവനെ അറിയിക്കും. താങ്കള്‍ക്കുണ്ടായ അസൌകര്യത്തില്‍ ഖേദിക്കുന്നു.'' - ഇതായിരുന്നു സ്പൈസ് ജെറ്റിന്റെ ആദ്യ പ്രതികരണം.

തൊട്ടുപിന്നാലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ സ്പൈസ് ജെറ്റിന്റെ സെല്ലോ ടേപ്പ് സുരക്ഷക്കെതിരെ രംഗത്തെത്തി. ഏറ്റവുമൊടുവില്‍ ഇതൊരു വലിയ സുരക്ഷാ പ്രശ്നമല്ലെന്ന സ്ഥിരീകരണവുമായി സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു. ജനല്‍ ചില്ലിന്റെ ഇന്നര്‍ ഫ്ലെക്സി പാനാണ് പൊട്ടിയതെന്നും അത് അന്ന് തന്നെ മാറ്റിയെന്നും ട്വീറ്റില്‍ പറയുന്നു. ഇന്നര്‍ പാനിന്റെ ഉദ്ദേശ്യം ജനല്‍ ചില്ലില്‍ പോറല്‍ വീഴാതിരിക്കുക എന്നതാണെന്നും ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതല്ലെന്നും ട്വീറ്റില്‍ സ്പൈസ് ജെറ്റ് വ്യക്തമാക്കി.