മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന
ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ശിവസേന. ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്നും ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ഗവര്‍ണറെ കണ്ടിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്താനായി ശിവസേനയുടെ എം.എല്‍.എമാര്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് നിലപാട് കര്‍ക്കശമാക്കി പാര്‍ട്ടി രംഗത്തെത്തിയത്. രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ എ.ജിയോട് നിയമോപദേശം തേടി. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു നാള് മാത്രമാണ് ഇനി ബാക്കി.
അടുത്ത 48 മണിക്കൂറിനകം സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്. അവസാനവട്ട ശ്രമമെന്ന നിലയില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കാളായ നിതിന്‍ ഗഡ്കരിയും ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗതും ഇടപെടുന്നുണ്ടെങ്കിലും രണ്ടര വര്‍ഷക്കാലയളവിലേക്ക് മുഖ്യമന്ത്രി പദവി വിട്ടു കൊടുക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ഇതിനിടെ ശിവസേനയുടെ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് പാര്‍ട്ടിയുടെ പുതിയ എം.എല്‍.എമാരെ ശിവസേന മുംബെയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും ശിവസേനയുടെ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. അന്തിമഘട്ടത്തില്‍ ശിവസേനക്കു വഴങ്ങുകയോ അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയോ ആണ് ഇനി ബി.ജെ.പിയുടെ മുമ്പിലുള്ള പോംവഴി. ന്യൂനപക്ഷ സര്‍ക്കാറായി ഭരണം നിലനിര്‍ത്തിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുന്നത് പില്ക്കാലത്ത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ശിവസേനയെ കൂടാതെ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്നും ആര്.എസ്.എസ്, ബി.ജെ.പിയെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുന്നത് ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്