LiveTV

Live

National

ഞങ്ങള്‍ക്ക് നീതി വേണം; ഡല്‍ഹിയില്‍ പ്രതിഷേധവുമായി പൊലീസുകാര്‍ തെരുവില്‍

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പൊലീസുകാര്‍ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുകയായിരുന്നു

 ഞങ്ങള്‍ക്ക് നീതി വേണം; ഡല്‍ഹിയില്‍ പ്രതിഷേധവുമായി പൊലീസുകാര്‍ തെരുവില്‍

ഡല്‍ഹിയില്‍ തീസ് ഹസാരി കോടതിയിലുണ്ടായ സംഭവങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. പൊലീസ് ആസ്ഥാനത്താണ് പൊലീസുകാര്‍ പ്രതിഷേധിക്കുന്നത്. കോടതി പരിസരത്തെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പൊലീസുകാര്‍ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പൊലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. നൂറോളം പോലീസുകാരില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായി. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പൊലീസുകാരുടെ നിലപാട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആറു ജില്ലാ കോടതികളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

''പൊലീസും അഭിഭാഷകരും ഉൾപ്പെട്ട സംഭവം അന്ത്യന്തം നിർഭാഗ്യകരമാണ്. ശാരീരിക ആക്രമണത്തിനും അപമാനത്തിനും ഇരയായ പൊലീസ് ഉദ്യോഗസ്ഥരോട് രാജ്യവ്യാപകമായി പൊലീസ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. നിയമം ലംഘിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അപലപിക്കുക! ”ഐപിഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് അഭിഭാഷകരും പൊലീസുകാരും തീസ് ഹസാരി കോടതിക്ക് മുമ്പില്‍ ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പൊലീസ് വാഹനം ഇടിച്ചതും പാര്‍ക്കിങ്ങിനെ ചൊല്ലിയുമുള്ള തര്‍ക്കമാണ് ആക്രമണത്തിനും പിന്നാലെ പ്രധിഷേധ സമരത്തിനും വഴിയൊരുക്കിയത്. അതേസമയം പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് അഭിഭാഷകരും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.