മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ നിര്‍ണായക പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന എൻസി.പിയുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റാവത്തിന്റെ പ്രസ്താവന. ശരത് പവാര്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേനയും ബി.ജെ.പിയും 1995ല്‍ നടപ്പിലാക്കിയ ഫോര്‍മുല തിരിച്ച് പ്രയോഗിക്കപ്പെടുകയാണിപ്പോള്‍.മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെ സംബന്ധിച്ച് ബി.ജെ.പിയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ശിവസേന ശരത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന സൂചന നല്‍കിയിരുന്നു.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശിവസേനയെ പിന്തുണയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല ശരത് പവാറിന് വിട്ടുനല്‍കുകയായിരുന്നു സോണിയ.അതിനാലാണ് ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല എന്ന് പവാര്‍ പ്രതികരിച്ചത്.എന്നാല്‍ ശിവസേന തന്നെ ഇക്കാര്യത്തിലൊരു വ്യക്തമായ നിലപാട് സ്വീകരിക്കട്ടെ എന്ന അഭിപ്രായമായിരുന്നു എന്‍.സി.പിക്കും കോണ്‍ഗ്രസിനുമുണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റാവത്തിന്റെ പ്രസ്താവന.
ഒക്ടോബർ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഇത്രനാള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമായിട്ടില്ല. 288 അംഗ സഭയില്‍ ബി.ജെ.പിക്ക് 105 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍.സി.പിക്ക് 54ഉം കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.
അതേസമയം ശിവസേന നടത്തുന്ന വിമത നീക്കം ബി.ജെ.പിയുമായുള്ള വിലപേശലിന്റെ ഭാഗമാണോയെന്ന സംശയത്തിലാണ് കോണ്‍ഗ്രസും എന്‍.സി.പിയും. കോണ്‍ഗ്രസും എന്‍.സി.പിയും വലിയ നീക്കങ്ങള്‍ക്ക് തയ്യാറാകാത്തത് ഇതുകൊണ്ടാണ്. ശിവസേനയുമായി സഖ്യത്തിനില്ലെന്ന് തീര്‍ത്ത് പറയാനും ഇരുപാര്‍ട്ടികളും തയ്യാറായിട്ടില്ല. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കും. അതിനുമുമ്പ് സർക്കാർ രൂപീകരിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും.അതിനാല്‍ തന്നെ തിരക്കിട്ട നീക്കമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്.