LiveTV

Live

National

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനില്ല; സഖ്യസര്‍ക്കാര്‍ വീഴാന്‍ കാരണം കോണ്‍ഗ്രസെന്ന് ജെ.ഡി.എസ്

ചിലരുടെ മുഖ്യമന്ത്രി പദ സ്വപ്നമാണ് സഖ്യസര്‍ക്കാര്‍ താഴെയിറങ്ങാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനില്ല; സഖ്യസര്‍ക്കാര്‍ വീഴാന്‍ കാരണം കോണ്‍ഗ്രസെന്ന് ജെ.ഡി.എസ്

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെ മറിച്ചിടാനില്ലെന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡ. ചിലരുടെ മുഖ്യമന്ത്രി പദ സ്വപ്നമാണ് സഖ്യസര്‍ക്കാര്‍ താഴെയിറങ്ങാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കുറ്റപ്പെടുത്തി. സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പി അനുകൂല നിലപാടാണ് പല ഘട്ടങ്ങളിലും ജെ.ഡി.എസ് സ്വീകരിച്ചു പോരുന്നത്.

ബി.ജെ.പി സര്‍ക്കാരിനെ മറിച്ചിട്ട് ഒരു ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അത് വലിയ നഷ്ടങ്ങള്‍ക്ക് വഴിവെയ്ക്കും. അതിനാലാണ് ശ്രമിക്കാത്തത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ സിദ്ധരാമയ്യക്ക് സാധിക്കുമോ എന്നും എച്ച്.ഡി ദേവഗൌഡ ചോദിച്ചു.

സഖ്യസര്‍ക്കാര്‍ വീഴാനുള്ള കാരണം കോണ്‍ഗ്രസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് സര്‍ക്കാരിന്‍റെ പതനത്തില്‍ കലാശിച്ചത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ തുടങ്ങിയ കളികളാണ് സര്‍ക്കാര്‍ രാജിവെക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ വീണതിനു ശേഷം, കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം പിരിഞ്ഞു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ഇരുപാര്‍ട്ടികളും മത്സരിക്കുന്നത്.

അതിനിടെ കർണാടകയിലെ വിമത എം.എൽ.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ ഉടൻ ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഡിയോ ടേപ്പ് ശ്രദ്ധയിൽപ്പെട്ടുണ്ട്. എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന വാദമടക്കം എല്ലാം വിശദമായി തന്നെ കേട്ടതാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് കോൺഗ്രസ്, ജെ.ഡി.എസ് വിമതരെ രാജി വെപ്പിച്ചതെന്നായിരുന്നു യെദ്യൂരപ്പയുടേതെന്ന പേരിൽ പുറത്തുവന്ന ഓഡിയോ ടേപ്പിലെ പരാമർശം.