LiveTV

Live

National

ആർ.സി.ഇ.പി കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം; വിജയം അവകാശപെട്ട് ബി.ജെ.പിയും കോൺഗ്രസും

ആർ.സി.ഇ.പി കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം; വിജയം അവകാശപെട്ട് ബി.ജെ.പിയും കോൺഗ്രസും

ആർ.സി.ഇ.പി കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതിന് പിന്നാലെ വിജയം അവകാശപെട്ട് ബി.ജെ.പിയും കോൺഗ്രസും. കരാറിൽ നിന്ന് പിന്മാറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും തെളിവാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു.. എന്നാൽ കരാറിനെതിരെ നിലപാട് എടുത്ത പ്രതിപക്ഷത്തിന്റെ വിജയമാണ് കേന്ദ്ര സർക്കാരിന്റെ പിൻമാറ്റമെന്നായിരുന്നു കോൺഗ്രസിന്റെ വാദം.

ആർ.സി.ഇ.പി കരാറിലെ ചില വ്യവസ്ഥകളിൽ ഇളവ് വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇത് അനുവദിക്കപ്പെടാത്തതിനെ തുടർന്ന് ഇന്ത്യ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. ദേശീയ താല്‍പര്യം മുൻനിർത്തിയാണ് തീരുമാനം എന്നും അമിത്ഷാ വ്യക്തമാക്കി. പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധതയാണ് തീരുമാനത്തിന് പിന്നിൽ എന്ന് ബി.ജെ.പി ഉപാധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. എന്നാൽ ദേശീയ താല്‍പര്യത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരുടെയും വിജയമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ശക്തമായ എതിർപ്പാണ് തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയതെന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കർഷകരുടെ വിജയമാണെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ആർ.സി.ഇ.പി കരാറിനെതിരെ കർഷക കൂട്ടായ്മകളുടെ അടക്കം വലിയ വിമർശനം നേരത്തെ ഉയർന്നിരുന്നു.