LiveTV

Live

National

ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍.സി.പി

ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍.സി.പി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീങ്ങുന്നതിനിടെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. ശരത് പവാർ സോണിയ ഗാന്ധിയുമായും ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവസേന. ബി.ജെ.പിക്ക് വഴങ്ങാൻ കൂട്ടാക്കാത്തതോടൊപ്പം എൻ.സി.പി നേതാക്കളുമായി ശിവസേന ചർച്ച നടത്തുകയും ചെയ്യുന്നു. നിലവിൽ തങ്ങൾക്ക് 175 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം. ഇന്ന് ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, രാംദാസ് എന്നിവർ മഹാരാഷ്ട്ര ഗവർണറെ കണ്ടു. സർക്കാർ രൂപീകരണത്തിൽ ശിവസേനക്ക് ഒരു തിടുക്കവും ഇല്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുൻപേ പ്രവർത്തിക്കണമെന്നതാണ് ബി.ജെ.പിക്കുള്ളിൽ തന്നെ ഇപ്പോൾ ഉയരുന്ന അഭിപ്രായം. ഈ സാഹചര്യത്തിൽ ഫഡ്നാവിസ് അമിത് ഷായെ കാണാൻ ഡൽഹിയിലെത്തി. കാർഷിക പ്രശ്നങ്ങളിലാണ് അമിത് ഷായെ കണ്ടത് എന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും മഹാരാഷ്ട്ര തന്നെയാണ് കൂടിക്കാഴ്ചയുടെ കാരണമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബി.ജെ.പി - ശിവസേന തർക്കത്തിൽ കരുതലോടെയാണ് കോൺഗ്രസ്- എൻ.സി.പി നീക്കം. ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ശിവസേനയുമായി ചേർന്ന് എൻ.സി.പി സഖ്യം ഉണ്ടാക്കണമെന്നും കോൺഗ്രസ് പുറത്തു നിന്ന് പിന്തുണക്കണമെന്നും പാർട്ടികൾക്കുള്ളിൽ അഭിപ്രായം ഉണ്ട്. ഇതടക്കമുള്ള കാര്യങ്ങളാണ് സോണിയ ഗാന്ധി - ശരത് പവാർ കൂടിക്കാഴ്ചയില്‍ വിഷയമായതും. എന്നാല്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ശരത് പവാര്‍ പറഞ്ഞത്.