LiveTV

Live

National

വിവാദങ്ങള്‍ക്കിടയിലും ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കാനുറച്ച് കര്‍ണാടക സര്‍ക്കാര്‍

ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി പുതിയ പാനല്‍ രൂപീകരിക്കുമെന്ന് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്‌കുമാര്‍ പറഞ്ഞു

വിവാദങ്ങള്‍ക്കിടയിലും ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കാനുറച്ച് കര്‍ണാടക സര്‍ക്കാര്‍

ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്‌കങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി പുതിയ പാനല്‍ രൂപീകരിക്കുമെന്ന് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ പാനലില്‍ ആരൊക്കെ ഉണ്ടാവുമെന്നത് സംബന്ധിച്ച് വകുപ്പ് തീരുമാനിക്കുമെന്നും ആദ്യ യോഗം വ്യാഴാഴ്ച്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വിദഗ്ധരുടേയും ചരിത്രകാരന്‍മാരുടേയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍.

ബി.ജെ.പി മടിക്കേരി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ നടപടി. ടിപ്പു ഹൈന്ദവ വിരുദ്ധനാണെന്നും അദ്ദേഹത്തെ കുറിച്ച് പഠപ്പിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കുമെന്ന മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയും പറഞ്ഞിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തക സമിതിയോട് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു മന്ത്രി സുരേഷ്‌കുമാര്‍ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പുതിയ പാനലിനെ നിയമിച്ച് റിപ്പോര്‍ട്ട് തേടാനാണ് പുതിയ തീരുമാനം. പാഠപുസ്തക സമിതിക്ക് കീഴില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ വിദഗ്ധ സമിതിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.