LiveTV

Live

National

പൊലീസ് - അഭിഭാഷക സംഘര്‍ഷം; പൊലീസിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍

നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ കോടതി വളപ്പിലേക്ക് കയറ്റാതെ അഭിഭാഷകർ അക്രമം തുടർന്നതായി പൊലീസും ആരോപിച്ചു

പൊലീസ് - അഭിഭാഷക സംഘര്‍ഷം; പൊലീസിനെതിരെ പ്രതിഷേധവുമായി  അഭിഭാഷകര്‍

ഡൽഹി തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അഭിഭാഷകര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹി തീസ് ഹസാരി കോടതിയിലെ പൊലീസ് ലോക്കപ്പിന് മുന്പില്‍ അഭിഭാഷകൻ വാഹനം പാര്‍ക്ക് ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. അഭിഭാഷകനെ ലോക്കപ്പിലേക്ക് കൊണ്ടുപോയി മര്‍ദിച്ചതാണ് തുടക്കമെന്നാണ് അഭിഭാഷകര്‍ പറയുന്നു.

മര്‍ദന വിവരം കേട്ടെത്തിയ അഭിഭാഷകര്‍ കോടതിക്ക് അകത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടു. സ്വകാര്യ വാഹനങ്ങളുടെയടക്കം ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. നേരത്തെ സെന്‍റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിഭാഷകന്‍ വിജയ് വര്‍മയെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. ‌വെടിയേറ്റ മറ്റ് രണ്ട് പേരടക്കം സംഘർഷത്തില്‍ പരിക്കേറ്റ ഇരുപതോളം അഭിഭാഷകര്‍ സെന്‍റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ കോടതി വളപ്പിലേക്ക് കയറ്റാതെ അഭിഭാഷകർ അക്രമം തുടർന്നതായി പൊലീസും ആരോപിച്ചു.