LiveTV

Live

National

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാരിനായി തിരക്കിട്ട ചര്‍ച്ചകള്‍

ഉദ്ധവ് താക്കറെ ശരത് പവാറിനെ ഫോണില്‍ ബന്ധപ്പെട്ടതും സഞ്ജയ് റാവത്ത് പവാറുമായി കൂടിക്കാഴ്ച നടത്തിയതും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാനിടയുണ്ടെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിന് കാരണമായി

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാരിനായി തിരക്കിട്ട ചര്‍ച്ചകള്‍

മഹാരാഷ്ട്രയില്‍ ശിവസേനക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. വൈകാതെ പിന്തുണ 175 ആയി ഉയരുമെന്നും ശിവസേന വ്യക്തമാക്കി. നാളെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മഹാരാഷ്ട്രയിലെ ബി.ജെ.പി - ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുകയാണ്. ഉദ്ധവ് താക്കറെ ശരത് പവാറിനെ ഫോണില്‍ ബന്ധപ്പെട്ടതും സഞ്ജയ് റാവത്ത് പവാറുമായി കൂടിക്കാഴ്ച നടത്തിയതും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാനിടയുണ്ടെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിന് കാരണമായിട്ടുണ്ട്. ഇതിനൊടുവിലാണ് ശിവസേനക്ക് സംസ്ഥാനത്തെ 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം 145 ആണ്.

നാളെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രസര്‍ക്കാരിനെതിരായ സമര പരിപാടികളിലെ പിന്തുണ നേടുന്നതിന്‍റെ ഭാഗമായാണ് യോഗമെങ്കിലും മഹാരാഷ്ട്ര രാഷ്ട്രീയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ശിവസേനയെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് പവാറിന്‍റെ നേതൃത്വത്തില്‍ എന്‍.സി.പി എം.എല്‍.എമാരുടെ യോഗം മഹാരാഷ്ട്രയില്‍ ചേര്‍ന്നിരുന്നു. അതേസമയം എം.എന്‍.എസ് നേതാവ് രാജ് താക്കറെ ഇന്നലെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയില്‍ എം.എന്‍.എസിന് ഒരു എം.എല്‍.എ മാത്രമേയുള്ളൂ.