LiveTV

Live

National

സഹായം ചോദിച്ച് ശിവസേന വന്നാൽ എന്തുചെയ്യും? കോൺഗ്രസിൽ ഭിന്നത

കോൺഗ്രസ് പിന്തുടർന്നുപോരുന്ന രാഷ്ട്രീയത്തിന് ശിവസേന എതിരാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെയടക്കം പിന്തുണ നഷ്ടപ്പെടാൻ സേനാബന്ധം കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സഹായം ചോദിച്ച് ശിവസേന വന്നാൽ എന്തുചെയ്യും? കോൺഗ്രസിൽ ഭിന്നത

മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതു സംബന്ധിച്ച് ബി.ജെ.പിക്കും ശിവസേനക്കുമിടയിലെ തർക്കം പരിഹാരമില്ലാതെ തുടരവെ, ശിവസേനയെ പിന്തുണക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായഭിന്നത. സാഹചര്യങ്ങൾ അനുകൂലമായി വരികയാണെങ്കിൽ ശിവസേനയെ കൂടെനിർത്തി സർക്കാറുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുമ്പോൾ മറ്റൊരു വിഭാഗം ഇതിനെ മുച്ചൂടും എതിർക്കുകയാണ്.

സർക്കാർ രൂപീകരിക്കാൻ സഹായംതേടി ശിവസേന വരികയാണെങ്കിൽ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഹുസൈൻ ദൽവായ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. ബി.ജെ.പിയും ശിവസേനയും തമ്മിൽ വ്യത്യാസമുണ്ടെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ കോൺഗ്രസ് നേതാക്കളായ പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെ ശിവസേന പിന്തുണച്ചിരുന്നുവെന്നും ദൽവായ് കത്തിൽ ചൂണ്ടിക്കാട്ടി.

ഹുസൈൻ ദൽവായ്
ഹുസൈൻ ദൽവായ്
'ശിവസേനയുടെ രാഷ്ട്രീയം എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ നമ്മൾ ശിവസേനയെ പിന്തുണക്കണം'
ഹുസൈൻ ദൽവായ്, കോൺഗ്രസ് നേതാവ്.

അതേസമയം, എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, സുശീൽകുമാർ ഷിൻഡെ, സഞ്ജയ് നിരുപം തുടങ്ങിയ മുതിർന്ന നേതാക്കൾ ശിവസേനയെ അടുപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ്. കോൺഗ്രസ് പിന്തുടർന്നുപോരുന്ന രാഷ്ട്രീയത്തിന് ശിവസേന എതിരാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെയടക്കം പിന്തുണ നഷ്ടപ്പെടാൻ സേനാബന്ധം കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതിയെന്താ നിങ്ങളുടെ പോക്കറ്റിലാണോ ? ബി.ജെ.പിയുടെ വായടപ്പിച്ച് ശിവസേന
Also Read

രാഷ്ട്രപതിയെന്താ നിങ്ങളുടെ പോക്കറ്റിലാണോ ? ബി.ജെ.പിയുടെ വായടപ്പിച്ച് ശിവസേന

അതിനിടെ, ഹുസൈൻ ദൽവായ് സോണിയക്ക് അയച്ച കത്തിനെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സ്വാഗതം ചെയ്തു. 'സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ് ദൽവായ്. പുരോഗമ മുസ്ലിം കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ നിലപാടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഒരു സഖ്യത്തിൽ നിന്നുകൊണ്ടാണ് ശിവസേന തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യധർമം അവസാനം വരെ ഞങ്ങൾ പാലിക്കും' - അദ്ദേഹം പറഞ്ഞു.

അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരുകക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നത്. സർക്കാറുണ്ടാക്കാൻ 145 സീറ്റ് ആവശ്യമായ സംസ്ഥാനത്ത് 105 സീറ്റുമായി ബി.ജെ.പിയാണ് മുന്നിൽ. സഖ്യകക്ഷിയായ ശിവസേനക്ക് 56 സീറ്റുണ്ടെങ്കിലും മുഖ്യമന്ത്രിപദമടക്കമുള്ള പദവികൾ 50-50 അനുപാതത്തിൽ പങ്കിടാമെന്ന് ഉറപ്പുനൽകാതെ പിന്തുണ നൽകില്ലെന്ന നിലപാടിലാണ് അവർ. ബി.ജെ.പിയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശിവസേന എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന സൂചന നൽകിയിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി സേനാ തലവൻ ഉദ്ധവ് താക്കറെ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.