LiveTV

Live

National

‘കര്‍ണാടകയിലെ വിമതനീക്കത്തിന് പിന്നില്‍ അമിത് ഷാ’; യെഡിയൂരപ്പയുടെ വീഡിയോ പുറത്ത്‌ 

കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍ അതിനെ മറികടക്കാന്‍ സ്വയം ന്യായീകരിച്ചു കൊണ്ട് യെദ്യൂരപ്പ സംസാരിക്കുന്നതാണ് വീഡിയോ

‘കര്‍ണാടകയിലെ വിമതനീക്കത്തിന് പിന്നില്‍ അമിത് ഷാ’; യെഡിയൂരപ്പയുടെ വീഡിയോ പുറത്ത്‌ 

കോണ്‍ഗ്രസ്സ് - ജെ.ഡി.എസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ തകര്‍ച്ചക്ക് ഇടവരുത്തിയ കാലുമാറ്റങ്ങള്‍ക്ക് കോപ്പുകൂട്ടിയത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബി.എസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നു.

17 വിമത എം.എല്‍.എമാരെ മുംബൈയിലേക്ക് മാറ്റിയത് അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് യെദ്യൂരപ്പ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍ അതിനെ മറികടക്കാന്‍ സ്വയം ന്യായീകരിച്ചു കൊണ്ട് യെദ്യൂരപ്പ സംസാരിക്കുന്നതാണ് വീഡിയോ.

'17 എം.എല്‍.എമാരുടേയും കാര്യത്തിലുള്ള തീരുമാനത്തെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. നിങ്ങളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിച്ചത് ഞാനല്ലെന്നത് നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അങ്ങനെയല്ലേ?. ദേശീയ അധ്യക്ഷനാണ് മേല്‍നോട്ടം വഹിച്ചതും കാര്യങ്ങളെല്ലാം സജ്ജീകരിച്ചതും അവരെ മുംബൈയിലേക്ക് മാറ്റാനായിരുന്നു നിര്‍ദ്ദേശം. രണ്ടരമാസം അവര്‍ അവിടെ കഴിഞ്ഞു. സ്വന്തം മണ്ഡലങ്ങളിലേക്ക് പോകാന്‍ സാധിക്കാതെ, കുടുംബത്തെ കാണാതെ അവിടെ തന്നെ താമസിച്ചു' എന്ന് യെഡിയൂരപ്പ പറയുന്ന വീഡിയോയാണ് പു‌റത്തായത്.

'അപ്രതീക്ഷിതമായി അവര്‍ നമ്മളെ സഹായിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നേനേ. ഭരണകക്ഷിയാവാന്‍ നമ്മെ സഹായിച്ചത് അവരാണ്. എംഎല്‍എ സ്ഥാനം അവര്‍ രാജിവെച്ചു. ഇതെല്ലാം അറിയുമെന്നിരിക്കെ ഇനിയെന്ത് വന്നാലും നമ്മള്‍ അവര്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത്'.പക്ഷെ നിങ്ങളാരും അത് പറഞ്ഞില്ല. ഇത് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല', എന്ന് യെദ്യൂരപ്പ പറയുന്നുണ്ട്.

എന്നോട് ക്ഷമിക്കണം. മുഖ്യമന്ത്രിയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മൂന്നോ നാലോ വട്ടം മുഖ്യമന്ത്രിയായിട്ടുണ്ട് ഞാന്‍. എന്നാല്‍ അവരെക്കൊണ്ട് എന്നെ വിശ്വാസത്തിലെടുപ്പിച്ച് കൊണ്ട് വീണ്ടും മുഖ്യമന്ത്രി ആയതിലൂടെ ഞാന്‍ വലിയൊരു തെറ്റ് ചെയ്തിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടുള്ളതായിരുന്നില്ല. പാര്‍ട്ടിയുടെ താത്പര്യം മാനിച്ച് അവര്‍ എല്ലൊവരെയും പിന്തുണക്കേണ്ടതായിരുന്നു' എന്നു പ്രവര്‍ത്തകരോട് യെദ്യൂരപ്പ സംസാരിക്കുന്നതും ഇതിലുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ യെദ്യൂരപ്പ പ്രതികരണവുമായി രംഗത്തുവന്നു. ശബ്ദരേഖയുടെ ആധികാരികത അദ്ദേഹം ചോദ്യം ചെയ്തില്ല, മറിച്ച് പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞു.

അമിത് ഷായും യെദ്യൂരപ്പയും ജനാധിപത്യത്തെ കൊല്ലുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, വീഡിയോ തെളിവായി കോടതിയില്‍ ഹാജരാക്കുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പി എങ്ങനെയാണ് അധികാരത്തേയും പണത്തേയും ദുരുപയോഗം ചെയ്തതെന്ന് വ്യക്തമായെന്നും ഇനി ജനങ്ങളാണ് വിധി നടപ്പിലാക്കേണ്ടത് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പ്രതികരണം.