LiveTV

Live

National

ഇന്ത്യയില്‍ വാട്സാപ്പ് ചോര്‍ച്ച നടന്നോ? വിചിത്ര മറുപടിയുമായി കേന്ദ്രം

ഭാവിയില്‍ സോഫ്റ്റ്‍‍‍വെയര്‍ വാങ്ങാന്‍ വല്ല നിര്‍ദേശവുമുണ്ടോ എന്നതടക്കം നാലിലധികം ചോദ്യങ്ങള്‍ക്കാണ് മന്ത്രാലയത്തിന്‍റെ ഒറ്റ വരി മറുപടി

ഇന്ത്യയില്‍ വാട്സാപ്പ് ചോര്‍ച്ച നടന്നോ? വിചിത്ര മറുപടിയുമായി കേന്ദ്രം

മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപ് ചോര്‍ത്താന്‍ ഉപയോഗിച്ച ഇസ്രയേലിന്‍റെ ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയതായി അറിവില്ലെന്ന് ആഭ്യന്തര മന്ത്രാലയം. സോഫ്റ്റ്‍വെയർ വാങ്ങിയിട്ടുണ്ടോയെന്ന വിവരാവകാശ ചോദ്യത്തിന് മന്ത്രാലയം വ്യക്തമായ മറുപടിയും നല്‍കിയില്ല.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപുകള്‍ ചോര്‍ത്തിയ വാര്‍ത്ത വന്നത് മുതല്‍ കേന്ദ്ര സര്‍ക്കാറാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്ന് മാത്രമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.

വാട്സാപ്പ് ചോര്‍ത്തലിനായി കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേല്‍ നിര്‍മിതമായ ചാര സോഫ്റ്റ്‍വെയറായ ‘പെഗാസസ്’ വാങ്ങിയിട്ടുണ്ടോയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മറുപടി. മന്ത്രാലയം ഇന്നലെ നല്‍കിയ വിവരാവകാശ രേഖയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ഇപ്പോള്‍ വാങ്ങിയിട്ടില്ലെങ്കില്‍ ഭാവിയില്‍ സോഫ്റ്റ്‍‍‍വെയര്‍ വാങ്ങാന്‍ വല്ല നിര്‍ദേശവുമുണ്ടോ എന്നതടക്കം നാലിലധികം ചോദ്യങ്ങള്‍ക്കാണ് മന്ത്രാലയത്തിന്‍റെ ഒറ്റ വരി മറുപടി. എന്നാല്‍ പെഗാസസ് ‌കേന്ദ്രം വാങ്ങിയിട്ടുണ്ടെന്ന ആരോപണം നിരാകരിക്കാന്‍ മന്ത്രാലയം തയ്യാറായില്ല. സര്‍ക്കാറിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ കൈമാറിയിട്ടുള്ളൂവെന്ന് സോഫ്റ്റ്‍വെയര്‍ നിര്‍മിച്ച ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. കടുത്ത ആരോപണം നേരിട്ടതിന് ശേഷമാണ് വ്യക്തമായ മറുപടി പറയാതെ കേന്ദ്രം വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.