LiveTV

Live

National

കോൺഗ്രസ് കളത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധി ധ്യാനം കൂടാൻ വിദേശത്ത്; പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് 

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും മാന്ദ്യം നേരിടുന്നതിലുള്ള മോദി സർക്കാറിന്റെ വീഴ്ചയെക്കുറിച്ചും നവംബർ ഒന്ന് മുതൽ എട്ട് വരെ 35 പത്രസമ്മേളനങ്ങളാണ് കോൺഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.

കോൺഗ്രസ് കളത്തിലിറങ്ങുമ്പോൾ രാഹുൽ ഗാന്ധി ധ്യാനം കൂടാൻ വിദേശത്ത്; പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് 

സാമ്പത്തിക മാന്ദ്യം അടക്കമുള്ള വിഷയങ്ങളുയർത്തി കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുമ്പോൾ മുൻ പ്രസിഡണ്ടും എം.പിയുമായ രാഹുൽ ഗാന്ധി ധ്യാനം കൂടാൻ വിദേശത്ത്. നവംബർ ആദ്യവാരത്തിൽ കോൺഗ്രസിന്റെ പ്രക്ഷോഭങ്ങൾ ആരംഭിക്കാനിരിക്കെയാണ് രാഹുൽ വിദേശത്തേക്ക് പോയിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാകുന്ന സമയങ്ങളിൽ രാഹുൽ അപ്രത്യക്ഷനാകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നവംബർ ഒന്നിന് കോൺഗ്രസിന്റെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമ്പോഴേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തിയേക്കും.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും മാന്ദ്യം നേരിടുന്നതിലുള്ള നരേന്ദ്ര മോദി സർക്കാറിന്റെ വീഴ്ചയെക്കുറിച്ചും നവംബർ ഒന്ന് മുതൽ എട്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 പത്രസമ്മേളനങ്ങളാണ് കോൺഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുപുറമെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രക്ഷോഭപരിപാടികളും ഡൽഹിയിൽ റാലിയും സംഘടിപ്പിക്കും. നേരത്തെ, ഒക്ടോബർ 15 മുതൽ 25 വരെയാണ് ഇതിന്റെ തിയ്യതി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത് നവംബറിലേക്ക് മാറ്റുകയായിരുന്നുവെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംഘടനാതലത്തിലുണ്ടായ ക്ഷീണത്തിൽ നിന്ന് മോചനം നേടാൻ പാർട്ടി ശ്രമിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നത്. എവിടേക്കാണ് അദ്ദേഹം പോയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നില്ലെങ്കിലും ബാങ്കോക്കിലേക്കാണെന്ന പ്രചരണമാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്.

എന്നാൽ, പ്രക്ഷോഭ പരിപാടികൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് പദ്ധതിയിട്ടതെന്നു വ്യക്തമാക്കി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രംഗത്തുവന്നു. 'മുമ്പും ഇടക്കിടെ രാഹുൽ ഗാന്ധി ധ്യാനത്തിനു വേണ്ടി വിദേശത്തു പോകാറുണ്ട്. കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ അദ്ദേഹതതിന്റെ മേൽനോട്ടത്തിലും നിർദേശത്തിലുമാണ് തീരുമാനിച്ചത്.' സുർജേവാല പറഞ്ഞു.

ഒക്ടോബർ ആദ്യവാരത്തിൽ കോൺഗ്രസ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകുന്നതിനിടെ രാഹുൽ ഗാന്ധി ധ്യാനത്തിനായി വിദേശത്തു പോയിരുന്നു. പ്രചരണം അവസാനിക്കുന്നതിനു മുമ്പ് തിരിച്ചെത്തിയ അദ്ദേഹം രണ്ട് സംസ്ഥാനങ്ങളിലും റാലികളിൽ പങ്കെടുത്തു. അതേസമയം, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇതുസംബന്ധിച്ച് ഒരു ട്വീറ്റ് പോലും രാഹുൽ ചെയ്തില്ല എന്നത് വിമർശിക്കപ്പെടുകയും ചെയ്തു.