LiveTV

Live

National

അതിരുകള്‍ ഭേദിക്കുന്ന അസദുദ്ധീന്‍ ഉവൈസി

1947 മുതല്‍ ഒരു മുസ്‍ലിം പാര്‍ട്ടിക്കും ഇന്ത്യയുടെ വിവിധ മേഖലകളിലേക്ക് ഒരേ സമയം കടന്നു ചെല്ലാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ വിജയത്തിന് ചരിത്ര പ്രാധാന്യം കൈവരുന്നത്

അതിരുകള്‍ ഭേദിക്കുന്ന അസദുദ്ധീന്‍ ഉവൈസി

അഖിലേന്ത്യാ മജ്ലിസേ ഇത്തിഹാദുല്‍ മുസ്‍ലിമീന്(എ.ഐ.എം.ഐ.എം) ഇന്ത്യയിലുടനീളം പ്രാധിനിധ്യമുറപ്പിച്ചേക്കാവുന്ന ആദ്യ മുസ്‍ലിം പാര്‍ട്ടിയാകാന്‍ സാധിക്കുമോ എന്നാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍. ബീഹാറില്‍ എ‌.ഐ‌.ഐ‌.എമ്മിന്റെ കമറുല്‍ ഹുദ വിജയിച്ചതിലൂടെ പാര്‍ട്ടിക്ക് ഹിന്ദി ഭൂമികയിലെ ആദ്യ എം.എല്‍.എയാണ് ലഭിച്ചത്. മാത്രമല്ല മഹാരാഷ്ട്രയില്‍ ധൂലെ സിറ്റി, മാലേഗാവ് സെന്റര്‍ എന്നീ രണ്ട് സീറ്റുകളിലും വിജയം പിടിക്കാന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് സാധിച്ചിരിക്കുന്നുവെന്നത് അത്ര ചെറിയ കാര്യമല്ല. നിലവില്‍ രണ്ട് എം.പിമാരുള്ള എ.ഐ.എം.ഐ.എം ലോക്‍സഭയിലെ പത്തൊമ്പതാമത്തെ വലിയ പാര്‍ട്ടിയാണ്.

കാലങ്ങളായി ഹൈദരാബാദില്‍ മാത്രമായൊതുങ്ങിയ പാര്‍ട്ടി ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിക്കുമ്പോള്‍ മാധ്യമ ശ്രദ്ധ ലഭിക്കുക സ്വാഭാവികം. പക്ഷെ പാര്‍ട്ടിയുടെ ഈ വ്യാപനത്തിനും ജനശ്രദ്ധക്കും കാരണം അസദുദ്ധീന്‍ ഉവൈസി എന്ന നേതാവിന്റെ വ്യക്തി പ്രഭാവം മാത്രമാണെന്നതാണ് വസ്തുത.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബീഹാറിലെ കിഷന്‍ഗഞ്ചിലാണ് ഉവൈസി അദ്ധ്യക്ഷനായ പാര്‍ട്ടി ചരിത്രപ്രധാനമായ വിജയത്തിലൂടെ ഒരു എം.എല്‍.എ സീറ്റ് കരസ്ഥമാക്കിയത്. ഹൈദരാബാദിന്റെ സാംസ്കാരിക ചുറ്റുപാടുകളോട് അടുത്ത് നില്‍ക്കുന്ന മഹാരാഷ്ട്രയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് ഉവൈസി തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതാണ് ഈ വിജയത്തിനു പിന്നിലെ മുഖ്യ ഘടകം.

ഹൈദരാബാദ് നഗരത്തില്‍ നിന്നും 2000 കിലോ മീറ്റര്‍ വിദൂരത്തുള്ള കിഷന്‍ഗഞ്ചില്‍ വിജയിക്കാന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയിലുടനീളം മുസ്‍ലിംകള്‍ക്കിടയിലെ ഉവൈസിയുടെ ജനസമ്മിതി വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിക്കുമെന്നാണിത് കാണിക്കുന്നത്.

1947 മുതല്‍ ഒരു മുസ്‍ലിം പാര്‍ട്ടിക്കും ഇന്ത്യയുടെ വിവിധ മേഖലകളിലേക്ക് ഒരേ സമയം കടന്നു ചെല്ലാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ വിജയങ്ങള്‍ക്ക് ചരിത്ര പ്രാധാന്യം കൈവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന മാറ്റമായും രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ മുഹമ്മദ് ജാവേദ് ലോക്‍സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കിഷന്‍ഗഞ്ചിലെ നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ബീഹാറിന്റെ വടക്കു കിഴക്കന്‍ മൂലയിലാണ് കിഷന്‍‌ഗഞ്ച് ജില്ല സ്ഥിതി ചെയ്യുന്നത്. അതിവസിക്കുന്നവരില്‍ നാലില്‍ മൂന്ന് ശതമാനവും മുസ്‍ലിംകളാണ്. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളില്‍ ഒന്നു കൂടിയാണ് കിഷന്‍ഗഞ്ച്.

അതിരുകള്‍ ഭേദിക്കുന്ന അസദുദ്ധീന്‍ ഉവൈസി

എ‌.ഐ‌.ഐ‌.എമ്മിന്റെ കമറുല്‍ ഹുദയാണ് ഇവിടെ 10211 വോട്ടുകൾക്ക് ബിജെപിയുടെ സ്വീത്തി സിംഗിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സീറ്റ് നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

അതിനിടെ എല്ലാ സംസ്ഥാന നിയമസഭകളിലും ഒരോ എം.എല്‍.എ വീതമെങ്കിലും പാര്‍ട്ടിക്കുണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒവൈസി പറഞ്ഞിരുന്നു. ഭയപ്പെടുത്തി മുസ്‍ലിം വോട്ടുകള്‍ സ്വന്തമാക്കുന്ന ബി.ജെ.പിയെ പാര്‍ലമെന്റില്‍ ധീരമായി നേരിടാനും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ റോഡുകളുടേയും സ്കൂളുകളുടേയുമടക്കം വികസനങ്ങള്‍ തടയപ്പെടുന്നതിനെ ചോദ്യം ചെയ്യാനും ഇതിലൂടെ തന്റെ പാര്‍ട്ടിക്ക് സാധിക്കുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.