LiveTV

Live

National

കശ്മീരിലെ സാഹചര്യങ്ങള്‍ സന്തുലിതമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം

ജമ്മുകാശ്മീരിലെ സമാധാനം ആഗ്രഹിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കണ്ടുവെന്നും സംഘം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

കശ്മീരിലെ സാഹചര്യങ്ങള്‍  സന്തുലിതമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം

കശ്മീരിലെ സാഹചര്യങ്ങള്‍ സന്തുലിതമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെയും കാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അനുവാദം നല്‍കാതെ വിദേശ എം.പിമാരെ അനുവദിച്ച നടപടിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉയരുന്പോഴാണ് പ്രതിനിധി സംഘത്തിലെ ഒരംഗം തന്നെ സമാന അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യയിലെ എംപിമാരെയും ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപിയായ നിക്കോളാസ് ഫെസ്റ്റാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ ഇടപെടാനില്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിനിധി സംഘം ജമ്മുകാശ്മീരില്‍ നടത്തിയ വാര്‍ത്തസമ്മേളതനത്തില്‍ പറഞ്ഞു. ജമ്മുകാശ്മീരിലെ സമാധാനം ആഗ്രഹിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കണ്ടുവെന്നും സംഘം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനിടെ എംപിമാര്‍ക്ക് ജമ്മുകാശ്മീരിലേക്ക് സന്ദര്‍ശനം സംഘടിപ്പിച്ച വെസ്റ്റ് സംഘടനയുടെ മേധാവി മാഡി ശര്‍മ്മ എംപിമാര്‍ക്ക് അയച്ച ഇ മെയില്‍ പുറത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ യാത്രചിലവും മറ്റ് ക്രമീകരണങ്ങളും സൌജന്യമായി ഒരുക്കാമെന്നും ഇമെയിലില്‍ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം.പിമാരുടെ സംഘം എത്തിയതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ അടക്കം പ്രതിഷേധത്തെ തുടര്‍ന്ന് നാല് എം.പിമാര്‍ തിരിച്ച് പോയിരുന്നു.