മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാനൊരുങ്ങി ബി.ജെ.പി; ബുധനാഴ്ച വീണ്ടും ഗവര്‍ണറെ കാണും
ഇന്നലെ ബി.ജെ.പിയും ശിവസേനയും ഗവര്‍ണറെ കണ്ടിരുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദമുന്നയിക്കാന്‍ ബി.ജെ.പി നാളെ വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്ന് സൂചന. ഇന്നലെ ബി.ജെ.പിയും ശിവസേനയും ഗവര്‍ണറെ കണ്ടിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫെഡ്നാവിസും ശിവസേന നേതാവ് ദിവാകര്‍ റാവത്തും വെവ്വേറെ ഗവര്‍ണറെ കണ്ടത്.
നാളെയാണ് നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താനായി ബി.ജെ.പി യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെയായിരിക്കും നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുക. നാളെ തന്നെ ഗവര്‍ണറെ കണ്ട് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉദ്ധവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ആദ്യ രണ്ടര വര്‍ഷം ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി നിലവില്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതിക്കണമെന്ന ആവശ്യവും ശിവസേന മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതിനിടെ ഇന്നലെ രാവിലെ ബി.ജെ.പി ശിവസേന നേതാക്കന്മാര് ഗവര്‍ണറെ കണ്ടിരുന്നു. ദീപാവലിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറെ കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശിവസേന നേതാവ് ദിവാകര്‍ റാവത്തും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.