LiveTV

Live

National

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ശ്രീനഗറിലെത്തി; ജനാധിപത്യത്തെ അപമാനിക്കലെന്ന് കോണ്‍ഗ്രസ്

7 അംഗങ്ങളാണ് സംഘത്തിലുള്ളത്

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ശ്രീനഗറിലെത്തി; ജനാധിപത്യത്തെ അപമാനിക്കലെന്ന് കോണ്‍ഗ്രസ്

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ശ്രീനഗറിലെത്തി. 27 അംഗങ്ങളാണ് സംഘത്തിലുള്ളത്.രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് സന്ദര്‍ശാനുമതി നല്‍കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് ശേഷം കശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ സംഘമാണ് ഇവര്‍. പുതിയ തീരുമാനം അനൌദ്യാഗികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലി, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വലതുപക്ഷ പാര്‍‍ട്ടി പ്രതിനിധികള്‍ ‘സ്വന്തം കപ്പാസിറ്റി’യിലാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ കശ്മീരിനോടുള്ള നയത്തില്‍ അനുഭാവമുള്ള സംഘം താഴ്‍വര സന്ദര്‍ശിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

ജമ്മുകശ്മീരിലെ സാഹചര്യം സംബന്ധിച്ച് വാഷിങ്ടണ്ണില്‍ നടന്ന യുഎസ് കോണ്‍ഗ്രസില്‍ ഏതാനും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം. സംസ്ഥാനം സന്ദര്‍ശിച്ചും പ്രദേശവാസികളുമായി സംസാരിച്ചും സാഹചര്യം അറിയണമെന്നാണ് സംഘാംഗങ്ങളുടെ ആവശ്യം. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംഘം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം ഭരണ മുന്‍ഗണനകളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുമെന്നും ഭീകരതയെ പിന്തുണക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ എം.പിമാര്‍ സംസ്ഥാനത്തെത്തിയപ്പോള്‍ തടഞ്ഞ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന് അനുമതി നല്‍കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ നേരത്തെ വിദേശസംഘങ്ങളുടെ സന്ദര്‍ശന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞിരുന്നു. പ്രതിനിധി സംഘത്തിന് പ്രദേശവാസികളോട് സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കശ്മീരും ലോകവും തമ്മിലുള്ള ഇരുമ്പുമറ മാറേണ്ടതുണ്ടെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തടയണമെന്നും അത് രാജ്യ നയത്തിന് വിരുദ്ധമാണെന്നും ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.