LiveTV

Live

National

ബാങ്കുകളിൽ പണം ഇടരുതെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒഡിഷാ സർക്കാറിന്റെ കർശന നിർദേശം 

ബാങ്കുകളിൽ പണമിടുന്നതിനു മുമ്പ് ബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെപ്പറ്റി ശരിയായ അന്വേഷണം നടത്തണം. അത്തരം നിക്ഷേപങ്ങളുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും.

ബാങ്കുകളിൽ പണം ഇടരുതെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒഡിഷാ സർക്കാറിന്റെ കർശന നിർദേശം 

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) തകർച്ചക്കു പിന്നാലെ സർക്കാർ ഫണ്ടുകൾ സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കരുതെന്ന നിർദേശവുമായി ഒഡിഷ സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറി എ.കെ.കെ മീണ പുറപ്പെടുവിച്ച ഉത്തരവിലാണ് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് കർശനമായ വിലക്കുന്നത്. ഇപ്പോൾ സ്വകാര്യ ബാങ്കുകളിലുള്ള പൊതുമേഖലാ ഫണ്ടുകളെപ്പറ്റി വളരെ കരുതലുണ്ടാവണമെന്നും ബാങ്ക് തകർച്ച മൂലം ഇത്തരം ഫണ്ടുകൾ നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം നിക്ഷേപം നടത്തിയ ഉദ്യോഗസ്ഥരായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

''സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസിനും നിക്ഷേപങ്ങൾക്കുമായി 17 പൊതുമേഖലാ ബാങ്കുകളിലും എട്ട് സ്വകാര്യമേഖലാ ബാങ്കുകളിലും ഒരു ചെറുകിട ഫിനാൻഷ്യൽ ബാങ്കിലും രണ്ട് പ്രാദേശിക ഗ്രാമീണ ബാങ്കുകളിലും ഒരു സഹകരണ ബാങ്കുകളെ എംപാനൽ ചെയ്തിട്ടുണ്ട്. അതേസമയം, ഇവയിൽ ചില ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചും ഇവയിലെ നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്കാജനകമായ റിപ്പോർട്ടുകൾ പത്രങ്ങളിൽ വരുന്നു. ബാങ്കുകളിലെ ഓരോ നിക്ഷേപകനും ഒരു ലക്ഷം വരെയാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്.”

ബാങ്കുകളിൽ പണം ഇടരുതെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒഡിഷാ സർക്കാറിന്റെ കർശന നിർദേശം 
ഒഡിഷ പ്രിൻസിപ്പൽ സെക്രട്ടറി എ.കെ.കെ മീണയുടെ ഉത്തരവ്

“ബാങ്കുകൾ പിരിച്ചുവിടുകയോ ലയിപ്പിക്കുകയോ പുനർനിർമിക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ ഈ വ്യവസ്ഥപ്രകാരമുള്ള ഇൻഷുറൻസ് മാത്രമേ ലഭിക്കുകയുള്ളൂ. ഇക്കാരണത്താൽ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും ഇത്തരം ബാങ്കുകളിൽ നിക്ഷേപം സൂക്ഷിക്കുന്നത് സംബന്ധിച്ച് വളരെ കരുതൽ പാലിക്കേണ്ടതുണ്ട്. ബാങ്കുകളിൽ പണമിടുന്നതിനു മുമ്പ് ബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെപ്പറ്റി ശരിയായ അന്വേഷണം നടത്തണം. അത്തരം നിക്ഷേപങ്ങളുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും.'' - ഉത്തരവിൽ പറയുന്നു.

സംസ്ഥാന പദ്ധതികൾക്കുള്ള ഫണ്ടുകൾ ട്രഷറിയിൽ നിന്ന് ഐ.എഫ്.എം.എസ് വഴി നേരിട്ട് ലഭ്യമാക്കണമെന്നും ഉചിതമായ കാരണമില്ലാതെ ട്രഷറിയിൽ നിന്ന് പിൻവലിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ക്രമക്കേടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വലിയ സഹകരണ ബാങ്കുകളിലൊന്നായ പി.എം.സിയുടെ തകർച്ച രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് ഒഡിഷ സർക്കാറിന്റെ ഉത്തരവെന്ന് വിലയിരുത്തപ്പെടുന്നു. പി.എം.സി മാത്രമല്ല, വൻകിട കോർപറേറ്റുകൾക്കും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികൾക്കും നൽകിയ കോടിക്കണക്കിനു രൂപ തിരിച്ചുകിട്ടാത്ത സാഹചര്യം പല ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.