LiveTV

Live

National

പുതിയ പാർലമെന്‍റ് മന്ദിര നിര്‍മാണം; കരാര്‍ നേടിയത് ബി.ജെ.പി ആസ്ഥാനം നിര്‍മിച്ച സ്വകാര്യ കമ്പനി

ബിമാൽ പട്ടേലിന്‍റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് സ്ഥാപനമാണ് കരാര്‍ നേടിയത്.

പുതിയ പാർലമെന്‍റ് മന്ദിര നിര്‍മാണം; കരാര്‍ നേടിയത് ബി.ജെ.പി ആസ്ഥാനം നിര്‍മിച്ച സ്വകാര്യ കമ്പനി

പാർലമെന്‍റ് മന്ദിരത്തിന്‍റെ പുനര്‍നിര്‍മാണത്തിനും രാജ്പഥ് നവീകരണത്തിനുമുള്ള പ്ലാനിംഗ് ആർക്കിടെക്ചറല്‍ കൺസൾട്ടന്‍റായി അഹമ്മദാബാദ് ആസ്ഥാനമായ എച്ച്.സി.പി ഡിസൈന്‍. ഡല്‍ഹിയിലെ ബി.ജെ.പിയുടെ കൂറ്റന്‍ ആസ്ഥാന മന്ദിരം ഡിസൈന്‍ ചെയ്തതും ബിമാൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള എച്ച്.സി.പി ഡിസൈനാണ്.

ഗാന്ധിനഗറിലെ സെൻട്രൽ വിസ്തയുടെയും അഹമ്മദാബാദിലെ സബർമതി നദീതീരത്തിന്‍റെ പുനര്‍നവീകരണ പ്രൊജക്ടിന്‍റെയും കരാര്‍ നേടിയതും ഇവരാണ്.

പാര്‍ലമെന്‍റ് പുനര്‍നിര്‍മാണത്തിനും രാജ്പഥ് നവീകരണത്തിനുമായ് സര്‍ക്കാര്‍ വൃത്തങ്ങള്‍ 15ഓളം ആര്‍കിടെക്ടുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ നിന്ന് ആറു കമ്പനികളെയാണ് സര്‍ക്കാര്‍ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയത‌്. ഇവയില്‍ നിന്നാണ് അഹമ്മദാബാദ് ആസ്ഥാനമായ എച്ച്.സി.പിക്ക കരാര്‍ ലഭിച്ചത്. ഈ രംഗവുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരുമായി കൂടിച്ചേര്‍ന്നാണ് ഈ കമ്പനിക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് നഗരകാര്യ മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. നവീകരണത്തിനുള്ള മുഴുവന്‍ രൂപരേഖയും എച്ച്സിപി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ഓടെയാകും പാര്‍ലമെന്‍റിന്‍റെയും രാജ്പഥിന്‍റെയും പുനര്‍നവീകരണം ആരംഭിക്കുന്നത്. 2024 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുന്നത്. 2024ലോടുകൂടി നിരവധി സര്‍ക്കാര്‍ ഓഫിസുകളും പുതിയ കെട്ടിടത്തിലേക്ക് മാറും. ആര്‍ക്കിടെക്ടുമാരായ എഡ്വിന്‍ ലൂട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെയും രാഷ്ട്രപതിഭവന്‍റെയുമൊക്കെ രൂപകല്‍പന നിര്‍വഹിച്ചത്.