LiveTV

Live

National

സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 15 പേരെങ്കിലുമായി ബന്ധപ്പെട്ടു വരികയാണെന്ന ഫട്‌നാവിസിന്റെ പ്രസ്താവന ശിവസേനയെ ഉന്നം വെച്ച് 

സ്വന്തം നിലയില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി ശിവസേനയെ അടക്കിയിരുത്താനാണ് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്

സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 15 പേരെങ്കിലുമായി ബന്ധപ്പെട്ടു വരികയാണെന്ന ഫട്‌നാവിസിന്റെ പ്രസ്താവന ശിവസേനയെ ഉന്നം വെച്ച് 

മഹാരാഷ്ട്രയില്‍ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 15 പേരെങ്കിലുമായി ബന്ധപ്പെട്ടു വരികയാണെന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവന ശിവസേനയെ ഉന്നംവെച്ച്. സ്വന്തം നിലയില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി ശിവസേനയെ അടക്കിയിരുത്താനാണ് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം വീതിച്ച് ആദ്യത്തെ ഊഴം നല്‍കണമെന്നാണ് നിലവില്‍ ശിവസേനയുടെ ആവശ്യം. താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്‍ ആദിത്യയെയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ അഞ്ചുവര്‍ഷക്കാലം പൂര്‍ണമായി തികച്ച രണ്ടാമത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ ഫട്‌നാവിസിന് തന്നെ പദവി ലഭിക്കണമെന്നാണ് ബി.ജെ.പി നിലപാട്. എങ്കിലും കരുതലോടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. ശിവസേനയെ പിണക്കിയാല്‍ ഭരണം നിലനിര്‍ത്താനാവില്ലെന്നു മാത്രമല്ല കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ അടുത്ത നീക്കം ബി.ജെ.പിക്ക് ഹാനികരമാവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എം.എല്‍.എമാരെ ചാക്കിടാന്‍ ബി.ജെ.പി നീക്കം തുടങ്ങിയത്. ഇവരില്‍ പലരും ഇതിനകം തന്നെ അധികൃതരുടെ നിരീക്ഷണ വലയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയുടെ വിമതരായ 15 പേര്‍ ഇതിനകം പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കഴിഞ്ഞതായാണ് മുഖ്യമന്ത്രി ഫട്‌നാവിസ് വ്യക്തമാക്കിയത്.

അതേസമയം മുഴുവന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും പിന്തുണ ലഭിച്ചാല്‍ പോലും ശിവസേന ഒപ്പമില്ലെങ്കില്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാവില്ല. ഈ യാഥാര്‍ഥ്യത്തെ പരമാവധി മുതലെടുത്ത് ബി.ജെ.പിയുമായുളള വില പേശല്‍ കടുപ്പിക്കാനാണ് ശിവസേന തയ്യാറെടുക്കുന്നത്.