LiveTV

Live

National

ഹരിയാനയില്‍ സഖ്യ ചര്‍ച്ചക്ക് കോണ്‍ഗ്രസ് ജെ.ജെ.പിയെ സമീപിച്ചു; ബി.ജെ.പി കുതിരക്കച്ചവടത്തിന് ഇറങ്ങുമോ ?

ഈ സാഹചര്യത്തില്‍ പ്രാഥമിക സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാലയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഹരിയാനയില്‍ സഖ്യ ചര്‍ച്ചക്ക് കോണ്‍ഗ്രസ് ജെ.ജെ.പിയെ സമീപിച്ചു; ബി.ജെ.പി കുതിരക്കച്ചവടത്തിന് ഇറങ്ങുമോ ?

ഹരിയാനയില്‍ ആര് സര്‍ക്കാരുണ്ടാക്കണമെന്ന് ജെ.ജെ.പി തീരുമാനിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഇതേസമയം, നിര്‍ണായക ശക്തിയായി വളര്‍ന്ന ജെ.ജെ.പി ഇവിടെ പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഈ സീറ്റുകളില്‍ അവര്‍ ഏകദേശം വിജയം ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രാഥമിക സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാലയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിയാണ് ജെ.ജെ.പി. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമെന്ന സങ്കല്‍പ്പത്തേക്കാള്‍ ജെ.ജെ.പിയെ ജനങ്ങള്‍ വിശ്വസിച്ച് വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയുമായി ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ഹൂഡ, ചൗതാലയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഹരിയാനയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തെരഞ്ഞെടുപ്പ് ഫല സൂചനകളെന്ന് ചൗതാല പറഞ്ഞു.

എന്നാല്‍ ആരെ പിന്തുണക്കുമെന്നോ എന്തായിരിക്കും പാര്‍ട്ടിയുടെ ഉപാദികളെന്നോ ചൗതാല സൂചന നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് ചൗതാലക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ഇതുവരെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ചൗതാല പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്ന ശേഷമായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുക എന്നും ചൗതാല വ്യക്തമാക്കി. ഇതേസമയം, കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളിലേതിന് സമാനമായി ബി.ജെ.പി കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. ബി.ജെ.പി റിസോര്‍ട്ട് രാഷ്ട്രീയത്തിന് ഇറങ്ങിയേക്കുമെന്ന് അഭിഷേക് സിഗ്‍വി ട്വീറ്റ് ചെയ്തിട്ടുണ്ട്.