LiveTV

Live

National

ത്രിപുരയില്‍ മുന്‍മന്ത്രിയെ ഐ.സി.യുവില്‍ നിന്ന് അറസ്റ്റ് ചെയ്തത് മനുഷ്യത്വമില്ലാത്ത നടപടിയെന്ന് സി.പി.എം 

മുന്‍ പൊതുമരാമത്ത് മന്ത്രി ബാദല്‍ ചൌധരി 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടുവെന്നതാണ് ബി.ജെ.പിയുടെ ആരോപണം. 

ത്രിപുരയില്‍  മുന്‍മന്ത്രിയെ ഐ.സി.യുവില്‍ നിന്ന് അറസ്റ്റ് ചെയ്തത് മനുഷ്യത്വമില്ലാത്ത നടപടിയെന്ന് സി.പി.എം 

കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ ബാദല്‍ ചൌധരിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ വേട്ടയാടലാണിതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.

ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതി കേസിലാണ് ബാദല്‍ ചൌധരിയെ അറസ്റ്റ് ചെയ്തത്. 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടുവെന്നതാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ ബാദല്‍ ചൌധരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് ബാദല്‍ ചൌധരിയുടെ അറസ്റ്റ് ത്രിപുര പോലീസ് രേഖപ്പെടുത്തിയത്. പോലീസ് നടപടി മനുഷ്യത്വരഹിതമാണെന്നും സി.പി.എമ്മിനെതിരായ ബി.ജെ.പിയുടെ രാഷ്ട്രീയമായ വേട്ടയാടലാണെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു.

ത്ര‌ിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.എം ത്രിപുര സെക്രട്ടറി ഗൌതം ദാസ് എന്നിവര്‍ ബാദല്‍ ചൌധരിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൌമിക്കിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാദലിനെ അറസ്റ്റ് ചെയ്യാത്തതില്‍ ത്രിപുര വെസ്റ്റ് പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 8 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സസ്പെന്‍റ് ചെയ്യുകയുണ്ടായി.