LiveTV

Live

National

തിഹാർ ജയിലിൽ നിങ്ങൾക്ക്‌ എത്ര പ്രാവശ്യം പ്രതിഷേധിക്കാൻ കഴിയും? കശ്മീരും അതുപോലെയാണെന്ന് തരിഗാമി

പട്ടാള നിയമമാണ്‌ കശ്‌മീരിൽ നടപ്പാക്കുന്നത്‌. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവർക്ക്‌ വിശ്വസിക്കാൻ കഴിയാത്ത അനുഭവങ്ങളിലൂടെയാണ്‌ കശ്‌മീർ ജനത കടന്നുപോകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു

തിഹാർ ജയിലിൽ നിങ്ങൾക്ക്‌ എത്ര പ്രാവശ്യം പ്രതിഷേധിക്കാൻ കഴിയും? കശ്മീരും അതുപോലെയാണെന്ന് തരിഗാമി

രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു കശ്മീർ മാറിയെന്ന്‌ സി.പി.എം നേതാവ് മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. 80 ദിവസമായി ഈ സ്ഥിതി തുടർന്നിട്ടും എന്തുകൊണ്ടാണ് പ്രതിഷേധമുയരാത്തത് എന്ന ചോദ്യത്തോട് ‘‘തിഹാർ ജയിലിൽ നിങ്ങൾക്ക്‌ എത്രപ്രാവശ്യം പ്രതിഷേധിക്കാൻ കഴിയും’’ എന്നാണ്‌ തരിഗാമി പ്രതികരിച്ചത്‌.

പട്ടാള നിയമമാണ്‌ കശ്‌മീരിൽ നടപ്പാക്കുന്നത്‌. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവർക്ക്‌ വിശ്വസിക്കാൻ കഴിയാത്ത അനുഭവങ്ങളിലൂടെയാണ്‌ കശ്‌മീർ ജനത കടന്നുപോകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എയിംസിലെ ചികിത്സാർഥം ഡൽഹിയിൽ എത്തിയ തരിഗാമി സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.

ഞാൻ സ്വതന്ത്രൻ എന്നാണ്‌ സർക്കാരും സുപ്രീം കോടതിയും വ്യക്തമാക്കിയത്‌. എന്നാൽ തിരികെ കശ്‌മീരിൽ എത്തിയാൽ സുരക്ഷസേനയുടെ നിയന്ത്രണത്തിലാകും. വീടിന്‌ പുറത്തുപോകാൻ കഴിയില്ല. സന്ദർശകരെയും അനുവദിക്കുന്നില്ല. എനിക്കെതിരെ കേസൊന്നും നിലവിലില്ല. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥിതി ഇതാണ്‌. മുൻ മുഖ്യമന്ത്രിമാർപോലും തടവിൽ. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും തരിഗാമി വിശദീകരിച്ചു.

ശ്‌മശാനത്തിലെ മൂകതയാണ്‌ കശ്‌മീരിൽ. ജനങ്ങളുടെ നടുക്കവും നിരാശയും മാറിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും അപമാനിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾക്കൊപ്പം നിൽക്കാൻ രാജ്യത്തെ ഇടതുപക്ഷവും മതനിരപേക്ഷവാദികളും ധൈഷണികരും തയ്യാറാകുന്നത്‌ ആശ്വാസകരമാണ്‌. എന്നാൽ എല്ലാ ജനാധിപത്യവിശ്വാസികളും കശ്‌മീർ ജനതയ്ക്കുവേണ്ടി ശബ്‌ദമുയർത്തണം. 370-ാം വകുപ്പിനെക്കുറിച്ച്‌ ആർ.എസ്‌.എസ്‌ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വിശ്വസിക്കുന്ന അവസ്ഥ ദുഃഖകരമാണെന്ന്‌ അദ്ദേഹം പ്രതികരിച്ചു.

നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യം കനത്ത വില നൽകേണ്ടി വരുമെന്നാണ്‌ പറയാനുള്ളത്‌. കശ്‌മീരിനോട്‌ ഇപ്പോൾ ചെയ്‌തത്‌ നാളെ രാജ്യത്തെ ഏതു സംസ്ഥാനത്തോടും ചെയ്യാം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ഇല്ലാതാക്കുകയാണ്‌ ബി.ജെ.പി സർക്കാരിന്റെ ആത്യന്തിക ലക്ഷ്യം. തോക്ക് വഴി കശ്‌മീർ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന്‌ എല്ലാ വിഭാഗവും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി കശ്മീർ സന്ദർശിച്ച് യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്ന് മാധ്യമങ്ങളോട് തരിഗാമി ആവശ്യപ്പെട്ടു. “സർക്കാർ സബ്കാ സാത്ത്, സബ്ബ വികാസ്, സബ്ക വിശ്വാസ് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. വിശ്വാസത്തിന്റെ പുതിയ ലാബോറട്ടറിയാണ് കശ്മീരെന്നും തരിഗാമി പറഞ്ഞു.