LiveTV

Live

National

രണ്ട് മക്കളില്‍ കൂടുതലുണ്ടോ? അസമില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കണ്ട

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനം

 രണ്ട് മക്കളില്‍ കൂടുതലുണ്ടോ? അസമില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കണ്ട

രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന തീരുമാനവുമായി അസം സര്‍ക്കാര്‍. 2021 ജനുവരി 1 മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനം.

ചെറിയ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്തംബറിൽ ‘ ജനസംഖ്യാ, വനിതാ ശാക്തീകരണ നയം’ പാസാക്കിയിരുന്നു. ഇതിനു പുറമെയാണ് രണ്ട് കുട്ടികളുള്ളവര്‍ക്ക് മാത്രമേ സർക്കാർ ജോലികൾക്ക് അർഹതയുള്ളൂ എന്ന പുതിയ തീരുമാനം. നിലവിലുള്ള സർക്കാർ ജീവനക്കാർ രണ്ട് കുട്ടികള്‍ എന്ന മാനദണ്ഡം കർശനമായി പാലിക്കണമെന്ന് നയം ആവശ്യപ്പെടുന്നു. 3.09 കോടിയാണ് അസമിലെ ജനസംഖ്യ. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

അസമില്‍ ജനസംഖ്യാ നയം നടപ്പാക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ഭൂരഹിതർക്ക് ഭൂമി നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഒരു മന്ത്രി പറഞ്ഞു.

ബസ് നിരക്ക് 25 ശതമാനം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി ഇന്ദിര മിരിയുടെ പേരിലുള്ള പദ്ധതി പ്രകാരം വിധവകള്‍ക്ക് പ്രതിമാസം 300 രൂപ വീതം നല്‍കും. ഏപ്രിൽ ഒന്നിനോ അതിനുശേഷമോ വിധവകളായ സ്ത്രീകൾക്ക് ഒറ്റത്തവണ 25,000 രൂപയും നല്‍കും.