LiveTV

Live

National

സര്‍ക്കാറിന്റേത് കോര്‍പ്പറേറ്റ് പ്രീണനം; ദേശീയ ബാങ്ക് പണിമുടക്ക് തുടരുന്നു

മൂന്ന് ബാങ്കുകള്‍ ലയിപ്പിച്ചതിന് പുറമെ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം കൂടി വന്നതോടെയാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

സര്‍ക്കാറിന്റേത് കോര്‍പ്പറേറ്റ് പ്രീണനം; ദേശീയ ബാങ്ക് പണിമുടക്ക് തുടരുന്നു

പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനതിരായ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് തുടരുന്നു. ഡല്‍ഹിയില്‍ പല ബാങ്കുകളും തുറന്നുപ്രവര്‍ത്തിച്ചതോടെ സമരം പൊതുജനത്തെ ബാധിച്ചില്ല. കേന്ദ്രസര്‍ക്കാറിന്‍റേത് കോര്‍പ്പറേറ്റ് പ്രീണനമാണെന്ന് ആരോപിച്ചാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സമരവുമായി രംഗത്തെത്തിയത്.

പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ്, ബാങ്ക് സേവനങ്ങളുടെ നിരക്ക് കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ ബാങ്ക് എംബ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരത്തെ പിന്തുണച്ച് എ.ഐ.ടി.യു.സിയും രംഗത്തെത്തി.

മൂന്ന് ബാങ്കുകള്‍ ലയിപ്പിച്ചതിന് പുറമെ പത്ത് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം കൂടി വന്നതോടെയാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍റേത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന സമീപനമാണെന്നാണ് സമരക്കാരുടെ വിമര്‍ശം.

എന്നാല്‍ സമരം പൊതുജനത്തെ കാര്യമായി ബാധിച്ചിട്ടില്ല. എസ്.ബി.ഐക്ക് പുറമെ ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലുമാണ് പണിമുടക്ക് നേരീയ തോതില്‍ ജനത്തെ ബാധിച്ചത്.

ഞായറാഴ്ചയും വോട്ടെടുപ്പ് മൂലം ഇന്നലെയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പണിമുടക്ക്. കേരളത്തിലും സമരം പൊതുജനത്തെ ബാധിച്ചില്ല. അതേസമയം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.