LiveTV

Live

National

തേജസ് വൈകി; യാത്രക്കാര്‍ക്ക് 1.62 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

രാവിലെ 6.10 ന് പുറപ്പെടുന്നതിന് പകരം രാവിലെ 9.55 ഓടെ ലഖ്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ ഉച്ചയ്ക്ക് 12.25 ന് പകരം 3.40 ഓടെയാണ് ന്യൂഡൽഹിയിൽ എത്തിയത്. 

തേജസ് വൈകി; യാത്രക്കാര്‍ക്ക് 1.62 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഡല്‍ഹി - ലഖ്‌നൗ തേജസ് എക്സ്പ്രസ് മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകിയതിനെ തുടര്‍ന്ന് ഐ.ആർ.‌സി.‌ടി‌.സിക്ക് ബാധ്യതയായത് 1.62 ലക്ഷം രൂപയാണ്. വേറെയൊന്നിനുമല്ല, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ് ഈ തുക. ഇൻ‌ഷുറൻസ് കമ്പനികൾ വഴിയാണ് 950 യാത്രക്കാർക്ക് ഈ തുക നഷ്ടപരിഹാരമായി നൽകുക. ഇന്ത്യൻ റെയില്‍വെയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

രാവിലെ 6.10 ന് പുറപ്പെടുന്നതിന് പകരം രാവിലെ 9.55 ഓടെ ലഖ്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ ഉച്ചയ്ക്ക് 12.25 ന് പകരം 3.40 ഓടെയാണ് ന്യൂഡൽഹിയിൽ എത്തിയത്. ന്യൂഡൽഹിയിൽ നിന്ന് വൈകുന്നേരം 3.35 ന് പുറപ്പെടുന്നതിന് പകരം 5.30 ന് യാത്ര തുടങ്ങി തേജസ് രാത്രി 10.05 ന് പകരം രാത്രി 11.30 ന് ലഖ്‌നൗവിൽ എത്തി. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥ ഐ.ആർ.‌സി.‌ടി‌.സിക്കുണ്ടായത്. ലഖ്‌നൗവിൽ നിന്ന് ഡല്‍ഹിയിലേക്ക് ബുക്ക് ചെയ്തിരുന്ന 450 യാത്രക്കാർക്ക് 250 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും. ഡല്‍ഹി മുതൽ ലഖ്‌നൗ വരെയുള്ള അഞ്ഞൂറോളം യാത്രക്കാർക്ക് 100 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.

തേജസ് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നൽകിയിട്ടുള്ള ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബർ 19 ന് കാൺപൂരിനടുത്ത് ഒരു പാളംതെറ്റലുണ്ടായതാണ് തേജസ് വൈകിയോടാന്‍ കാരണമായതെന്നും അധികൃതര്‍ അറിയിച്ചു.