LiveTV

Live

National

ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരക്കെന്ന് ബി.ജെ.പി എം.എൽ.എ; പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

'ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ബക്ഷിഷ് സിംഗ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരക്കെന്ന് ബി.ജെ.പി എം.എൽ.എ; പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് താമര ചിഹ്നത്തിലായിരിക്കുമെന്ന് ബി.ജെ.പി എം.എൽ.എ. ഹരിയാനയിലെ അസന്ധ് മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബക്ഷിഷ് സിംഗ് വിർക് ആണ് ഒരു പൊതുയോഗത്തിൽ വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് ഛത്തീസ്ഗഡ്; പ്രതിഷേധവുമായി ബി.ജെ.പി

'നിങ്ങൾ എവിടെയാണ് വോട്ട് ചെയ്യുന്നതെന്നും ആര് ആർക്ക് വോട്ട് ചെയ്‌തെന്നും ഞങ്ങൾക്ക് അറിയാൻ കഴിയും. ഞങ്ങൾ അറിയില്ല എന്ന് വിചാരിക്കരുത്. ഞങ്ങൾ മനഃപൂർവം നിങ്ങളോട് പറയാതിരിക്കുന്നതാണ്. വേണമെന്നു വിചാരിച്ചാൽ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയാൻ കഴിയും. കാരണം മോദിജി വലിയ ബുദ്ധിമാനാണ്. മനോഹർലാൽജിയും വലിയ ബുദ്ധിമാനാണ്. നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള ആർക്ക് വോട്ട് ചെയ്താലും അത് താമരക്കേ പോവൂ. ഏത് ബട്ടണും അമർത്തൂ, വോട്ട് ബി.ജെ.പിക്ക് പോകും. വോട്ടിങ് യന്ത്രത്തിലെ ആ ഭാഗം ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്.'
ബക്ഷിഷ് സിംഗ് വിർക്, ബി.ജെ.പി എം.എല്‍.എ - ഹരിയാന

'ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

2014-ൽ ബി.എസ്.പിയുടെ സ്ഥാനാർത്ഥിയെ നാലായിരത്തിലധികം വോട്ടിന് തോൽപ്പിച്ചാണ് ബക്ഷിഷ് സിംഗ് എം.എൽ.എയായത്. 2017-ൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഇദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്വകാര്യ വ്യക്തികളോ കമ്പനികളോ ഇടപെടാറില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാൽ, വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും നിർമിക്കുന്ന ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) സ്വകാര്യ എഞ്ചിനീയർമാരെ കൺസൾട്ടന്റുമാരായി നിയമിച്ചിട്ടുണ്ടെന്നും 2017 മുതൽക്കുള്ള വിവിധ തെരഞ്ഞെടുപ്പുകളിൽ ഇവർ ഇടപെട്ടതായും 'ദി ക്വിന്റ്' വിവരാവകാശ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഈ എഞ്ചിനീയർമാർ യന്ത്രങ്ങളുടെ വിവിധ ഘട്ടത്തിലുള്ള പരിശോധനാ നടപടികളിൽ പങ്കാളികളായിരുന്നുവെന്നും മുംബൈയിലെ ഒരു സ്വകാര്യ കൺസൾട്ടിംഗ് കമ്പനി വഴിയാണ് ഇ.സി.ഐ.എൽ ഇവരെ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.