LiveTV

Live

National

ബാബരി കേസില്‍ രഹസ്യമായി എഴുതി നല്‍കിയ വാദങ്ങള്‍ പുറത്തായതില്‍ മുസ്‍ലിം കക്ഷികള്‍ക്ക് അതൃപ്തി

ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചില്‍ മുസ്‍ലിം കക്ഷികളുടെ അഭിഭാഷകന്‍ അതൃപ്തി അറിയിച്ചു

ബാബരി  കേസില്‍ രഹസ്യമായി എഴുതി നല്‍കിയ വാദങ്ങള്‍ പുറത്തായതില്‍ മുസ്‍ലിം കക്ഷികള്‍ക്ക് അതൃപ്തി

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ രഹസ്യമായി എഴുതി നല്‍കിയ വാദങ്ങള്‍ പുറത്തായതില്‍ മുസ്‍ലിം കക്ഷികള്‍ക്ക് അതൃപ്തി. ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചില്‍ മുസ്‍ലിം കക്ഷികളുടെ അഭിഭാഷകന്‍ അതൃപ്തി അറിയിച്ചു. ഭരണഘടന മൂല്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്‍റെ ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിക്കേണ്ടതെന്ന് മുസ്‍ലിം കക്ഷികള്‍ ആവശ്യപ്പെട്ടു. വരുംതലമുറക്ക് രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നതാകണം ചരിത്ര വിധിയെന്നും കോടതിക്ക് രഹസ്യമായി എഴുതിനല്‍കിയ രേഖയില്‍ മുസ്‍ലിം കക്ഷികൾ വാദിച്ചു.

എന്നാല്‍ ഈ വാദങ്ങള്‍ പുറത്തായതില്‍ മുസ്‍ലിം കക്ഷികള്‍ ഇന്ന് കോടതിയില്‍ അതൃപ്തി രേഖപ്പെടുത്തി. മുസ്‍ലിം കക്ഷികളുടെ അഭിഭാഷകരിലൊരാളായ ഇജാസ് മഖ്ബൂലാണ് ഇന്ന് ബാബ്രി കേസ് കോടതിയില്‍ ഉന്നയിച്ചത്. ‌യു.പി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് അടക്കമുള്ള ഏഴ് മുസ്‍ലിം കക്ഷികളും ഒരുമിച്ചാണ് കോടതിക്ക് വാദങ്ങള്‍ എഴുതി നല്‍കിയത്. നിബന്ധനകള്‍ അംഗീകരിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാമെന്ന് കാണിച്ച് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹ്മദ് ഫാറൂഖി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എല്ലാ കക്ഷികളും എഴുതി നല്‍കിയ രേഖകളിലും തങ്ങളുടെ വാദങ്ങളിലുറച്ച് നിന്നു. രാമജന്മ ഭൂമി പൂര്‍ണമായും വിട്ടുനല്‍കണമെന്ന് നിര്‍മോഹി അഖാഡ വാദിച്ചപ്പോള്‍ തര്‍ക്കഭൂമിക്ക് പുറത്തുള്ള സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിലധികം ഭൂമി കൂടി വിട്ടുനൽകണമെന്ന വാദമാണ് രാംലല്ല വിരാജ്മാന്‍ മുന്നോട്ടുവെച്ചത്.