LiveTV

Live

National

“വിദ്വേഷം കൊണ്ട് അന്ധരായവരാണവര്‍’’; അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

തന്റെ പ്രഫഷണലിസത്തെ പീയുഷ് ഗോയല്‍ ചോദ്യം ചെയ്തതായും അഭിജിത് ബാനര്‍ജി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

“വിദ്വേഷം കൊണ്ട് അന്ധരായവരാണവര്‍’’; അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം. 'അഭിജിത് ബാനര്‍ജി, താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു.'– രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 'പ്രിയപ്പെട്ട ബാനര്‍ജീ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അന്ധത ബാധിച്ചിരിക്കുന്ന ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. ഒരു ദശകമെടുത്താലും താങ്കള്‍ക്ക് ഇക്കാര്യം അവരെ പഠിപ്പിക്കാനുമാകില്ല. ഒരു കാര്യം മാത്രം മനസ്സിലുണ്ടായാല്‍ മതി, കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനത അങ്ങയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു'. രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ന്യായ് പദ്ധതിക്ക് വിദഗ്ധ ഉപദേശം നല്‍കിയ ബാനര്‍ജിയെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. തന്റെ പ്രഫഷണലിസത്തെ പീയുഷ് ഗോയല്‍ ചോദ്യം ചെയ്തതായും അഭിജിത് ബാനര്‍ജി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.