LiveTV

Live

National

ബാബരി കേസിൽ വാദങ്ങൾ എഴുതി നൽകാനുള്ള സമയം നാളെ അവസാനിക്കും

ആരാധനാലയ സംരക്ഷണ നിയമം ശക്തിപ്പെടുത്തണമെന്നത് അടക്കമുള്ള പ്രശ്ന പരിഹാര ഫോർമുലകൾ കൂടി പരിഗണിച്ചായിരിക്കും കോടതിയുടെ വിധി

ബാബരി കേസിൽ വാദങ്ങൾ എഴുതി നൽകാനുള്ള സമയം നാളെ അവസാനിക്കും

ബാബരി ഭൂമി തർക്ക കേസിൽ വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം നാളെ അവസാനിക്കും. 40 ദിവസത്തെ വാദം കേട്ടതിന് ശേഷം സുപ്രീംകോടതി അനുവദിച്ച മൂന്ന് ദിവസത്തെ ഇളവാണ് നാളെ അവസാനിക്കുന്നത്. ആരാധനാലയ സംരക്ഷണ നിയമം ശക്തിപ്പെടുത്തണമെന്നത് അടക്കമുള്ള പ്രശ്ന പരിഹാര ഫോർമുലകൾ കൂടി പരിഗണിച്ചായിരിക്കും കോടതിയുടെ വിധി പ്രസ്താവമെന്നാണ് സൂചന.

ബാബരി കേസിൽ അന്തിമ വാദം കേൾക്കൽ പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് മധ്യസ്ഥ സമിതി കോടതിക്ക് പ്രശ്നപരിഹാര ഫോർമുല സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഇന്നലെ ചേംബറിൽ ചേർന്ന ഭരണഘടനാ ബഞ്ച് റിപ്പോർട്ട് പരിശോധിക്കുകയും ചെയ്തു. റിപ്പോർട്ടിലെ നിബന്ധനകൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാമെന്ന് കാണിച്ച് സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് നൽകിയ അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്.

ആരാധനാലയങ്ങളുടെ തത്സ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുക, മറ്റെവിടെയെങ്കിലും പള്ളി നിർമിക്കാൻ ബോർഡിനെ അനുവദിക്കുക, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന് കീഴിലെ തെരഞ്ഞെടുത്ത പള്ളികളിലെ പ്രാർഥനാ സ്വാതന്ത്ര്യം, കേന്ദ്രസർക്കാർ ചിലവിൽ അയോധ്യയിലെ പള്ളികളുടെ നവീകരണം എന്നിവയാണ് പ്രശ്ന പരിഹാര ഫോർമൂലയിലെ നിബന്ധനകൾ. സുപ്രധാന കക്ഷികൾ സമവായത്തിലെത്തിയാൽ കോടതി മധ്യസ്ഥ സമിതി റിപ്പോർട്ട് ഗൗരവത്തിൽ പരിഗണിച്ചേക്കും.

പുനഃപരിശോധനാ ഹരജി പരിഗണിക്കാനുള്ള സമയം കൂടി കണക്കാക്കി ചീഫ് ജസ്റ്റിസിൻറ അവസാന പ്രവൃത്തി ദിവസത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.