LiveTV

Live

National

മഹാരാഷ്ട്ര, ഹരിയാന പരീക്ഷ കടക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും

1993 ലെ മുംബൈ കലാപം ചൂണ്ടിക്കാട്ടി പ്രസംഗിച്ച ബി.ജെ.പി അധ്യക്ഷന്‍ മംഗല്‍ പ്രഭാത് ലോധയോട് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു

മഹാരാഷ്ട്ര, ഹരിയാന പരീക്ഷ കടക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും

ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഹരിയാനയിലാണ് ഇന്ന് പ്രചാരണത്തിനെത്തിയിരിക്കുന്നത്.

മഹേന്ദ്രഗഢിലെ റാലിയില്‍ നിന്നും അനാരോഗ്യത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി മാറിയതോടെയാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഇതിനിടെ ബുധനാഴ്ച മുംബൈയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ മംഗല്‍ പ്രഭാത് ലോധയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയം ഉറപ്പിച്ച മട്ടിലാണ് ബിജെപി. ഹരിയാനയിലെ മൊഹാന, ഹിസാര്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. സവര്‍ക്കര്‍, ജമ്മുകശ്മീര്‍ എന്നിവയാണ് റാലികളില്‍ പ്രധാനമായും ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

ഹരിയാനയിലെ 90ല്‍ 75 സീറ്റും ഉറപ്പിച്ചതായി ബിജെപി പറയുന്നു. കോൺഗ്രസ്സും ഐ.എന്‍.എല്‍.ഡിയും ജെ.ജെ.പിയും വോട്ട് ഭിന്നിക്കുന്നത് നേട്ടമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.

അതേസമയം തണുത്തമട്ടിലാണ് കോണ്‍ഗ്രസ്. മഹേന്ദ്രഗഢിലെ റാലിയില്‍ യോണിയ ഗാന്ധി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി എത്തുമെന്ന് പി.സി.സിയെ അറിയിച്ചത്.

ആഭ്യന്തമന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ മഹാരാഷ്ട്രയിലുണ്ട്. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാന്‍ തടസമില്ല എന്നതരത്തിലാണ് ബി.ജെ.പി പ്രചാരണം. കോണ്‍ഗ്രസ് ഇന്നലെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയാണ് ബി.ജെ.പിക്ക് മറുപടി നല്‍കാന്‍ ഇറക്കിയത്.

എന്നാല്‍ സവര്‍ക്കറുടെ സ്റ്റാമ്പ് ഇറക്കിയത് ഇന്ദിരാഗാന്ധിയാണെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടാണ് എതിര്‍പ്പ് എന്നുമായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രസ്താവന.

സ്റ്റാമ്പ് ഇറക്കിയത് സര്‍ക്കറെ അംഗീകരിച്ചതുകൊണ്ടാണെന്നാണ് ബി.ജെ.പി മറുപടി. അതിനിടെ 1993 ലെ മുംബൈ കലാപം ചൂണ്ടിക്കാട്ടി പ്രസംഗിച്ച ബി.ജെ.പി അധ്യക്ഷന്‍ മംഗല്‍ പ്രഭാത് ലോധയോട് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.