LiveTV

Live

National

ബാബരി കേസ്: വഖഫ് ബോർഡ് ചെയർമാന്റെ പിൻവലിക്കൽ അപേക്ഷക്ക് പിന്നിൽ യു.പി സർക്കാരെന്ന് സൂചന

ബോർഡ് ചെയർമാൻ സ്ഥാനത്ത് ബി.ജെപി നിയമിച്ച സഫർ പാർട്ടിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നാണ് വ്യക്തമാകുന്നത്.

ബാബരി കേസ്: വഖഫ് ബോർഡ് ചെയർമാന്റെ പിൻവലിക്കൽ അപേക്ഷക്ക് പിന്നിൽ യു.പി സർക്കാരെന്ന് സൂചന

ബാബരി മസ്ജിദ് കേസിൽ യു.പി വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമ്മദ് ഫാറൂഖി സമർപ്പിച്ച പിൻവലിക്കൽ അപേക്ഷക്ക് പിന്നിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ചരടുവലിയെന്ന് സൂചന. ബോർഡ് ചെയർമാൻ സ്ഥാനത്ത് ബി.ജെപി നിയമിച്ച സഫർ പാർട്ടിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നാണ് വ്യക്തമാകുന്നത്.

വഖഫ് ബോർഡ് യോഗം വിളിക്കാതെയും അംഗങ്ങളുടെ അനുമതി ഇല്ലാതെയുമാണ് സഫർ കേസ് പിൻവലിക്കാനുള്ള അപേക്ഷയുമായി കോടതിയിൽ എത്തിയത്. പിൻവലിക്കാൻ യുക്തിസഹമായ ഒരു കാരണവും ഹരജിയിൽ വ്യക്തമാക്കിയിട്ടില്ല. മാധ്യസ്ഥ ശ്രമത്തിന്റെ അവസാന വട്ട ചർച്ചകൾ മുസ്‍ലിംകളും നിർമ്മോഹി അഖാരയും ബഹിഷ്കരിച്ചതിന് ശേഷവും ശ്രീറാം പഞ്ചു വഖഫ് ബോർഡ് ചെയർമാന്റെ ഒത്തുതീർപ്പ് നിർദ്ദേശം എന്ന നിലക്കാണ് കേസ് പിൻവലിക്കൽ അപേക്ഷയുമായി അവസാന ദിവസം കോടതിയിൽ എത്തിയത്.

സഫർ അഹമ്മദ് മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് മറ്റ് മസ്ജിദുകളുടെ തൽസ്ഥിതി നിയമം വരും ദിവസങ്ങളിൽ കർശനമായി ഉറപ്പു വരുത്തണമെന്നാണ്. അയോധ്യയിലെ ശേഷിച്ച 22 പള്ളികൾ സംരക്ഷിക്കാൻ കോടതിയുടെ മേൽനോട്ടം ഉണ്ടാവണമെന്നും ഹരജിയിലുണ്ട്. കേസ് പിൻവലിച്ചില്ലെങ്കിൽ മറ്റു പള്ളികളുടെ കാര്യത്തിൽ പ്രതിസന്ധി ഉണ്ടാവുമെന്ന വ്യംഗ്യമായ ഭീഷണി ആയാണ് ഈ ഹരജി വിലയിരുത്തപ്പെടുന്നത്.

ആരാധനാലയങ്ങളുടെ തൽസ്ഥിതി തുടരുന്നതിൽ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന നിലവിലുള്ള നിയമം ശക്തമാണ് എന്നിരിക്കെ എന്താണ് ഇതിലൂടെ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല. വഖഫ് സ്വത്തുക്കൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടേണ്ടി വരുമെന്ന ഭീഷണി നേരിടുന്ന സഫർ അഹമ്മദ് ആദിത്യനാഥ് സർക്കാറിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നാണ് സൂചന.