LiveTV

Live

National

കശ്മീര്‍ സന്ദര്‍ശിക്കണോ? സൗകര്യമൊരുക്കാമെന്ന് മോദി

‘മഹാത്മാ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ ചെങ്കോട്ടയില്‍ നിന്ന് ശ്രീനഗറിലെ ലാല്‍ ചൌക്കിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുമായിരുന്നു’

 കശ്മീര്‍ സന്ദര്‍ശിക്കണോ? സൗകര്യമൊരുക്കാമെന്ന് മോദി

കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ബീഡില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടേയാണ് വാഗ്ദാനം. ജമ്മു&കശ്മീരിലെ ദുരിതാവസ്ഥകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് മോദിയുടെ പുതിയ പ്രഖ്യാപനം.

നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുകയും പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനയിലെ 370ാം വകുപ്പ് പ്രകാരം ജമ്മു&കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷം 70 ദിവസങ്ങള്‍ക്കിപ്പുറമാണ് ഭാഗികമായെങ്കിലും നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞിക്കുന്നത്.

370ാം വകുപ്പ് റദ്ദാക്കിയതിനെ പരിഹസിച്ചവരെല്ലാം ഒരിക്കല്‍ ഈ ചരിത്ര ദൌത്യത്തെ ഓര്‍ത്തെടുക്കും’ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിയുടെ ഈ വാക്കുകള്‍.

'370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഏത് തരത്തിലുള്ള പ്രസ്ഥാവനകളാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്നാണ് ഒരു നേതാവ് പറഞ്ഞത്. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയല്ലേ വേണ്ടത്? രാജ്യത്തെ തകര്‍ക്കുന്ന തീരുമാനമെന്നാണ് മറ്റൊരു നേതാവ് പ്രഖ്യാപിച്ചിരുന്നത്. നമ്മുടെ രാജ്യം തകര്‍ന്നോ? കശ്മീര്‍ നമുക്ക് നഷ്ടപ്പെട്ടോ? ആര്‍ക്കെങ്കിലും കശ്മീരിലേക്ക് പോവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാനതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരാം' മോദി പറഞ്ഞു.

'ഇന്ത്യക്കിത് കറുത്ത ദിവസമാണെന്നാണ് ഒരു നേതാവ് പറഞ്ഞത്. നടപടി ജനാധിപത്യത്തിന് എതിരാണെന്നും ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും മറ്റൊരു നേതാവും പറഞ്ഞിരുന്നു. ഇത്തരക്കാര്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നവരും ഇന്ത്യയുടെ ശത്രുക്കള്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കുന്നവരുമാണ്' മോദി അഭിപ്രായപ്പെട്ടു.

370ാം വകുപ്പ് റദ്ദാക്കിയ നടപടിയെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നുവെങ്കിലും ചില നേതാക്കള്‍ മൗനം പാലിച്ചിരുന്നു.

370ാം വകുപ്പ് റദ്ദാക്കിയ ദിവസം 'മഹാത്മാ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ ചെങ്കോട്ടയില്‍ നിന്ന് ശ്രീനഗറിലെ ലാല്‍ചൌക്കിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുമായിരുന്നു' എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു.