LiveTV

Live

National

ബാബരി തര്‍ക്കഭൂമി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം 

ബാബരി തര്‍ക്കഭൂമി കേസ്  റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം 

അയോധ്യയിലെ ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ അന്തിമ വിധി പറയാനിരിക്കെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ശനമായ നിയന്ത്രണങ്ങളാണ് കേന്ദ്രം വിധിക്ക് മുമ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ബാബരി മസ്ജിദ് തകർക്കുന്ന ദൃശ്യങ്ങളോ വിധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷങ്ങളുടെയോ, പ്രതിഷേധങ്ങളുടെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേഡ്സ് അതോറിറ്റി സെക്രട്ടറി ജനറല്‍ ആനി ജോസഫ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ബാബരി തര്‍ക്കഭൂമി കേസ്  റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം 

ബാബരി കേസ് എന്നത് ഉദ്വേഗജനകവും, വികാരഭരിതവും പ്രകോപനം സൃഷ്ടിക്കുന്ന ഒരു വിഷയമായതിനാൽ അതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്നും കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ മതേതരത്വവും, സാമുദായിക ഐക്യവും, പൊതുതാത്പര്യവും പരിഗണിച്ച് വേണം അന്തിമ വിധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടാനെന്നും ഉത്തരവില്‍ പറയുന്നു.

കുറിപ്പിലെ പ്രധാന ഉത്തരവുകള്‍:

1. സുപ്രീം കോടതിയുടെ വിധി പുറപ്പെടുവിക്കുന്നതിന് മുൻപ് ബാബരി കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ മുൻനിർത്തി ഊഹാപോഹങ്ങളോ സെന്‍സേഷണലിസം കലര്‍ത്തിയോ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തിലോ പ്രചരിപ്പിക്കരുത്.

2 . സുപ്രീംകോടതിയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കോടതി രേഖകൾ പരിശോധിച്ച ശേഷം വാർത്തയുടെ ആധികാരികതയും, യാഥാർഥ്യവും, കൃത്യതയും മനസിലാക്കിയ ശേഷമോ അല്ലെങ്കിൽ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയിൽ നിന്നും അറിഞ്ഞതിനു ശേഷം മാത്രമേ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരും, എഡിറ്റർമാരും വാർത്തകൾ സംപ്രേക്ഷണം ചെയ്യാനോ പ്രസീദ്ധീകരിക്കാനോ പാടുള്ളു.

ബാബരി തര്‍ക്കഭൂമി കേസ്  റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം 

3 . ബാബരി വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങളോ, ഊഹാപോഹങ്ങൾ മുൻ നിർത്തിയുള്ള വാർത്തകളോ നൽകാൻ പാടില്ല.

4 . ബാബരി കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തയിലും ബാബരി മസ്ജിദ് തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുത്.

5 . ബാബരി വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരുന്ന പ്രതിഷേധങ്ങളുടെയോ, ആഘോഷങ്ങളുടെയോ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളതല്ല.

6 . വലിയ പ്രാധാന്യമുള്ള വിഷയമായതിനാൽ തന്നെ ബാബരി വിധിയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് കൃത്യതയുടെയും സൂക്ഷമതയുടെയും ഭാഗമായി എഡിറ്റോറിയൽ അധികാരികളുടെ അനുവാദം തേടുക.

7 . ഒരു വാർത്തയും, പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ, മുൻവിധിയോടുകൂടിയോ സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

8 . പ്രേക്ഷകരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകൾ പറയാൻ ടെലിവിഷന്‍ ചർച്ചകളിൽ ആർക്കും അനുവാദം നൽകാതെ ശ്രദ്ധിക്കുക.

9 . ആള്‍ക്കൂട്ടത്തെ ഉണര്‍ത്തുന്ന തീവ്രവികാരങ്ങൾ പ്രകടിപ്പിക്കുന്ന ചർച്ചകളും, സംവാദങ്ങളും പരമാവധി ഒഴിവാക്കുക.

എന്‍.ബി.എസ്.എ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത ടെലിവിഷന്‍‍ ചാനലുകൾക്കെതിരെയും, മാധ്യമങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

നവംബര്‍ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15നകം പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന്റെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷ. വിരമിക്കും മുമ്പ് ബാബരി ഭൂമി അവകാശ തര്‍ക്ക കേസില്‍ വിധി പറയാനുറച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തുടര്‍ച്ചയായി അന്തിമവാദത്തിനായി തിയതി നിശ്ചയിച്ച് വാദം കേട്ടത്.