LiveTV

Live

National

ഭോപ്പാലിലെ റോഡുകള്‍ ഹേമ മാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന് മന്ത്രി

വാഷിംഗ്ടണിലെയും ന്യൂയോർക്കിലെയും പോലെയാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കപ്പെട്ടത്. 

ഭോപ്പാലിലെ റോഡുകള്‍ ഹേമ മാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന് മന്ത്രി

ഭോപ്പാലിലെ കുഴികൾ നിറഞ്ഞ റോഡുകൾ ഉടൻ തന്നെ നടിയും രാഷ്ട്രീയക്കാരിയുമായ ഹേമ മാലിനിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി പി.സി ശർമ്മ.

റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സംസ്ഥാന നിയമമന്ത്രി, റോഡുകളിൽ ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ കവിളുകളില്‍ കാണുന്നതു പോലെയുള്ള വസൂരി കലകളുണ്ടെന്ന് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി സഞ്ജൻ വർമയുടെയും മുഖ്യമന്ത്രി കമൽ നാഥിന്റെയും മേല്‍നോട്ടത്തില്‍ 15 ദിവസത്തിനുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും. 15-20 ദിവസത്തിനുള്ളില്‍ ഈ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകൾ പോലെ മനോഹരമായി മാറുമെന്ന് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപം റോഡ് പരിശോധനയ്ക്കിടെ മന്ത്രി വർമ്മയും ശര്‍മ്മക്കൊപ്പം ഉണ്ടായിരുന്നു. വാഷിംഗ്ടണിലെയും ന്യൂയോർക്കിലെയും പോലെയാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കപ്പെട്ടത്. പക്ഷേ ഒരു മഴ പെയ്തപ്പോഴേക്കും ഈ റോഡുകൾക്ക് എന്ത് സംഭവിച്ചു? എല്ലായിടത്തും കുഴികളായി," മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകള്‍ വാഷിംഗ്ടണിലെതിനേക്കാൾ മികച്ചതാണെന്ന് രണ്ടുവർഷം മുമ്പ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറ‍ഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു ശര്‍മ്മയുടെ ഈ വാക്കുകള്‍.

ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിൽ റോഡുകൾ, പാലങ്ങൾ എന്നിവ നന്നാക്കാൻ കേന്ദ്ര സർക്കാരില്‍ നിന്ന് 1,188 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായി മന്ത്രി വർമ്മ പറഞ്ഞു. എന്നാല്‍ കേന്ദ്രം ഇതുവരെ ഒരു പൈസ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.‌ഡി.‌എ സർക്കാർ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിനോട് വിവേചനം കാണിക്കുകയാണെന്നും വർമ്മ ആരോപിച്ചു.

ഈ വർഷം കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകര്‍ന്ന അവസ്ഥയിലാണ്. ബി.ജെ.പിയുടെ ഭരണകാലത്താണ് ഈ റോഡുകളെല്ലാം നിർമ്മിച്ചത്. അതുകൊണ്ട് തന്നെ ബി.ജെ.പി ഈ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ലജ്ജിക്കണം. ചുരുങ്ങിയ കാലയളവിൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതെല്ലാം കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ അഴിമതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.