LiveTV

Live

National

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി; സ്ഥാനം പാകിസ്താനിനും പിന്നില്‍

ഒരു രാജ്യത്തെ ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള പട്ടിണി സൂചിക.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി; സ്ഥാനം പാകിസ്താനിനും പിന്നില്‍

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് വന്‍തിരിച്ചടി. 117 രാജ്യങ്ങളുടെ സൂചികയില്‍ 102-ാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന റാങ്കിലാണ് ഇന്ത്യയുള്ളത്. ബാക്കിയുള്ള രാജ്യങ്ങള്‍ 66 നും 94 നും ഇടയിലുള്ള സ്ഥാനങ്ങളിലാണ്. ബ്രിക്സ് രാജ്യങ്ങളില്‍ ഏറ്റവും താഴ്ന്ന‌ സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്ക(59)യാണ്. സ്ഥിരമായ പുരോഗതിക്ക് ശേഷം, 2015 മുതലാണ് ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞു തുടങ്ങിയത്. 2015 ല്‍ 93 ാം റാങ്കിലായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ 106 ാം സ്ഥാനത്തായിരുന്നു പാകിസ്താന്‍. എന്നാല്‍ 2019 ലെ പുതിയ പട്ടികയില്‍ പാകിസ്താൻ റാങ്കിങിൽ 94 ാം സ്ഥാനത്തേക്ക് മുന്നേറുകയും ഇന്ത്യ 102 ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

ഒരു രാജ്യത്തെ ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള പട്ടിണി സൂചിക. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ഉയരത്തിന് അനുസൃതമായ ഭാരം, വിളര്‍ച്ച, ശരീരശോഷണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിൽ 6-23 മാസങ്ങൾക്കിടയില്‍ പ്രായമുള്ള കുട്ടികളിൽ 9.6 ശതമാനം പേർക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ സർവേയിൽ ഇത് 6.4 ശതമാനത്തിൽ താഴെയായിരുന്നു. സൂചികയില്‍ 2015 ല്‍ ഇന്ത്യയുടെ സ്ഥാനം 93 ആയിരുന്നെങ്കില്‍ 2016 ല്‍ ഇത് 97 ലേക്ക് താഴ്ന്നു. 2017 ല്‍ ഇത് നൂറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 2018 ല്‍ 103 ാം സ്ഥാനത്തേക്കും ഈ വര്‍ഷം 102 ാം സ്ഥാനത്തേക്കുമെത്തി. കഴിഞ്ഞ വര്‍ഷം ആഗോള പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം സൂചികയില്‍ 117 രാജ്യങ്ങളാണുള്ളത്.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി; സ്ഥാനം പാകിസ്താനിനും പിന്നില്‍

പട്ടികയില്‍ പാകിസ്താന്‍ 94 ാംസ്ഥാനത്തും ബംഗ്ലാദേശ് 88 ാം സ്ഥാനത്തും നേപ്പാള്‍ 73 ാം സ്ഥാനത്തുമാണ്. ശ്രീലങ്ക (66), ദക്ഷിണാഫ്രിക്ക (59), ചൈന (25), റഷ്യ (22) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റു രാജ്യങ്ങളുടെ സ്ഥാനം.