LiveTV

Live

National

മോദിയുടെ റാലിക്കായി മരങ്ങള്‍ വെട്ടി; ‘ഇതൊക്കെയെന്ത്’ എന്ന ന്യായീകരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി

ഓരോ തവണയും ഞങ്ങൾ മരങ്ങൾ മുറിക്കുമ്പോൾ ഞങ്ങൾ കൂടുതൽ നടുന്നുമുണ്ട്

മോദിയുടെ റാലിക്കായി മരങ്ങള്‍ വെട്ടി; ‘ഇതൊക്കെയെന്ത്’ എന്ന ന്യായീകരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി മരങ്ങൾ മുറിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ഇതുപോലെ നേരത്തെയും മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.

പൂനെയിലെ സർ പരശുറാം കോളജിന്റെ കാമ്പസിലെ മരങ്ങൾ ഒക്ടോബർ 17 ന് നിശ്ചയിച്ചിട്ടുള്ള മോദിയുടെ റാലിക്ക് വേണ്ടി വെട്ടിനിരത്തിയതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ന്യായീകരണം. “ഓരോ തവണയും ഞങ്ങൾ മരങ്ങൾ മുറിക്കുമ്പോൾ ഞങ്ങൾ കൂടുതൽ നടുന്നുമുണ്ട്. ഇത് വനംവകുപ്പിന്റെ ചട്ടമാണ്,” ജാവദേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“മോദിയുടെ റാലിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്നതിൽ എന്തിനാണ് ഇത്രയധികം ഒച്ചപ്പാട്? മറ്റുള്ളവരുടെ റാലികൾക്കും മുൻ പ്രധാനമന്ത്രിമാരുടെ റാലികൾക്കും വേണ്ടി മരങ്ങൾ മുറിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മുമ്പ് അത്തരം അവബോധം ഇല്ലാതിരുന്നതെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ അത്ഭുതമുണ്ട്,” അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളെക്കുറിച്ച് ജാവദേക്കർ പറഞ്ഞതിങ്ങനെ:, “കഴിഞ്ഞ കോൺഗ്രസ്-എൻ‌.സി.‌പി സർക്കാരിൽ നിന്ന് ഞങ്ങളുടെ ചുമലിലേക്ക് കൈമാറിക്കിട്ടിയതാണ് ഈ കര്‍ഷക പ്രശ്നം. ജലസേചന സൗകര്യങ്ങളില്ലാത്തതിനാൽ അഞ്ച് ജില്ലകളിൽ മാത്രമാണ് കർഷകരുടെ ആത്മഹത്യ നടക്കുന്നത്,” മന്ത്രി പറഞ്ഞു.

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്കിന്റെ നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി എൻ.‌സി.‌പിയെ വിമർശിച്ചു. “പിഎംസി ബാങ്ക് പ്രതിസന്ധി എൻ‌.സി‌.പിയുടെ പിഴയാണ്,” മന്ത്രി പറഞ്ഞു.