LiveTV

Live

National

ദുര്‍ഗപൂജാ കാര്‍ണിവല്‍; ചടങ്ങില്‍ അപമാനിക്കപ്പെട്ടുവെന്ന് വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍

ആരുടെയും പേര് വെളിപ്പെടുത്താതെയാണ് ഗവര്‍ണര്‍ പ്രതികരിച്ചതെങ്കിലും മമത ബാനര്‍ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണ് സംഭവം നടന്നത്.

ദുര്‍ഗപൂജാ കാര്‍ണിവല്‍;  ചടങ്ങില്‍ അപമാനിക്കപ്പെട്ടുവെന്ന് വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍

മുഖ്യമന്ത്രി മമത ബാനർജി ആതിഥേയത്വം വഹിച്ച ദുർഗാ പൂജയില്‍ തനിക്ക് അപമാനവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ പറഞ്ഞു. പ്രധാന വേദിയില്‍ ഇരിക്കാനുള്ള സൌകര്യം കൊടുക്കാതിരുന്നതും ഒരു തവണ പോലും ടി.വിയില്‍ കാണിക്കാതിരുന്നതും വളരെയധികം വിഷമമുളവാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ മമത ബാനർജിയും വിവിധ വിശിഷ്ടാതിഥികളും ഇരിക്കുന്ന വേദിയിൽ ഇരിപ്പടം ഒരുക്കാത്തതില്‍ ഗവർണർ അസ്വസ്ഥനായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ കാർണിവൽ കാണാൻ നാല് മണിക്കൂർ ചെലവഴിച്ചുവെങ്കിലും, സർക്കാർ നിയോഗിച്ച ഏജൻസിയുടെ ഫൂട്ടേജുകളിൽ ഒരിക്കൽ പോലും തന്നെ കാണിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ അദ്ദേഹത്തിന് ആദരവ് കൊടുത്തില്ലെന്നും വേദിയുടെ ഒരു മൂലയില്‍ സീറ്റ് നല്‍കിയതിനാല്‍ ഗവർണർക്ക് പരിപാടി ശരിയായി കാണാൻ കഴിഞ്ഞില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

"കാർണിവലിൽ എനിക്ക് അപമാനം തോന്നി. എന്നെ വല്ലാതെ വേദനിപ്പിച്ചു. അപമാനിച്ചത് എന്നെയല്ല, പശ്ചിമ ബംഗാളിലെ എല്ലാ ആളുകളെയുമാണ്. ഞാൻ പശ്ചിമ ബംഗാളിലെ ഒരു സേവകനാണ്. എന്റെ ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനും കഴിയില്ല, ”ധൻഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്റെ ജീവിതത്തിലെ വേദനാജനകമായ നിമിഷങ്ങളിലൊന്നായാണ് താനിതിനെ കാണുന്നതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "അപമാനമുണ്ടായാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകും, കാരണം പശ്ചിമ ബംഗാളിലെ ജനങ്ങളുടെ കഴിവുകൾ തിരിച്ചറിയണം. അവർക്കുവേണ്ടി കഷ്ടപ്പെടണം, ഞാൻ കഷ്ടപ്പെടും, എനിക്ക് കൂടുതൽ അപമാനങ്ങൾ നേരിടേണ്ടിവന്നാലും ശരി’’ ധൻഖർ കൂട്ടിച്ചേര്‍ത്തു

സംസ്ഥാന സർക്കാരിനെയും മമത ബാനർജിക്കെതിരെയും ഗവര്‍ണര്‍ ജഗദീപ് ധൻഖർ നേരത്തെ പരസ്യമായി വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനു ശേഷം ഗവര്‍ണറും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മില്‍ സൌഹൃദപരമായ അന്തരീക്ഷമല്ല ബംഗാളില്‍ നിലവിലുള്ളത്.