LiveTV

Live

National

നോട്ട് നിരോധിച്ചതെന്തിന്?സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി മോദി സര്‍ക്കാര്‍ വിമര്‍ശകന്‍  

നോട്ടു നിരോധനത്തിനെതിരെയായിരുന്നു പ്രധാനമായും അഭിജിത് ശബ്ദിച്ചത്. നോട്ട് നിരോധനത്തിലെ യുക്തി എന്താണെന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ലെന്നാണ് 2017ല്‍  അദ്ദേഹം പറഞ്ഞത്.

നോട്ട് നിരോധിച്ചതെന്തിന്?സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി  മോദി സര്‍ക്കാര്‍ വിമര്‍ശകന്‍  

2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ മൂന്ന് പേരിലൊരാളായ ഇന്ത്യന്‍ വംശജനും, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അഭിജിത് ബാനര്‍ജി മോദിയുടെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകന്‍.

ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ച നോട്ടു നിരോധനത്തിനെതിരെയായിരുന്നു പ്രധാനമായും അഭിജിത് ശബ്ദിച്ചത്. നോട്ട് നിരോധനത്തിലെ യുക്തി എന്താണെന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ലെന്നാണ് 2017 ജനുവരിയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. രണ്ടായിരം രൂപയുടെ നോട്ട് നല്‍കിയിട്ടെന്തു കാര്യം? ഇതിന്‍റെ ദൂഷ്യഫലം നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിദേശ പൗരനാണെങ്കിലും ഇന്ത്യന്‍ സാമ്പത്തിക മേഖലയെക്കുറിച്ച് വലിയ അവഗാഹമുള്ള വ്യക്തിയാണ് അഭിജിത് ബാനര്‍ജി. പോയ വാരം അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പരിതാപകരമായ അവസ്ഥയെ അദ്ദേഹം അപലപിച്ചിരുന്നു. യു.പി.എ സര്‍ക്കാരിന്‍റെ അവസാന നാളുകളേക്കാള്‍ മോശം അവസ്ഥയിലൂടെയാണ് നിലവില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല കടന്നു പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

നിക്ഷേപങ്ങള്‍ തകരുകയും വളര്‍ച്ചാ നിരക്കും കയറ്റുമതിയും കുറയുകയും ചെയ്തതോടെ ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ഉദ്യോഗസ്ഥ തലങ്ങളില്‍ നിയമിച്ചുമാണ് വിമര്‍ശകരെ മോദി കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം എല്ലാ നയരൂപീകരണങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയേക്കുമെന്ന് ഭയന്ന് 2017-18 വര്‍ഷത്തെ തൊഴില്‍ സര്‍വേയുടെ വിവരങ്ങള്‍ മോദി സര്‍ക്കാര്‍ മൂടി വെച്ചതിനെതിരെ രംഗത്തു വന്ന 108 സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു ബാനര്‍ജി. ഇന്ത്യ കൈകൊള്ളേണ്ട സാമ്പത്തിക അജണ്ടകള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രത്യേകം നിയമിച്ചിരുന്ന പതിമൂന്ന് സാമ്പത്തിക ഉദ്യോഗസ്ഥരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

ഇന്ത്യയിലാണ് ജനനമെങ്കിലും നിലവില്‍ യു.എസ് പൗരനാണ്‌ ബാനര്‍ജി. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തന്‍റെ പി.എച്ച്.ഡി കരസ്ഥമാക്കിയത്. അമര്‍ത്യാസെന്നിനു ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ബാനര്‍ജി.