LiveTV

Live

National

‘ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു?’; ഞെട്ടിക്കുന്ന ചോദ്യം പരീക്ഷക്ക് ചോദിച്ച് ഗുജറാത്തിലെ സ്ക്കൂള്‍

‘ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു?’; ഞെട്ടിക്കുന്ന ചോദ്യം പരീക്ഷക്ക് ചോദിച്ച് ഗുജറാത്തിലെ സ്ക്കൂള്‍

‘ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു’ എന്ന വിചിത്ര ചോദ്യവുമായി ഗുജറാത്തില്‍ നിന്നുള്ള സ്ക്കൂള്‍. സുഫലാം ശാല വികാസ് സങ്കുല്‍ എന്ന ബാനറില്‍‍ നടത്തപ്പെടുന്ന സ്ക്കൂളുകളിലെ ഇന്റേണല്‍ പരീക്ഷയിലാണ് ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന വ്യാജ വാദം വിദ്യാര്‍ഥികളില്‍ ചോദ്യ രൂപത്തില്‍ അവതരിപ്പിച്ചത്. ചോദ്യം വിവാദമായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത് വിദ്യാഭ്യാസ അധികൃതര്‍.

എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? ( Gandhijiye aapghaat karwa maate shu karyu) എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് സുഫലാം ശാല വികാസ് സങ്കുലിന് കീഴിലുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ഇന്റേണല്‍ പരീക്ഷക്ക് സ്ക്കൂള്‍ അധികൃതര്‍ ചോദിച്ചത്. സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ക്കൂളുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സുഫലാം ശാല വികാസ് സങ്കുലിന് കീഴില്‍ ഗുജറാത്തിലുണ്ട്.

അതെ സമയം പരീക്ഷയിലെ മറ്റൊരു ചോദ്യം: ‘വ്യാജ മദ്യ ലോബിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മദ്യത്തിന്റെ അമിത ഉപയോഗത്തെക്കുറിച്ചും ജില്ലാ പൊലീസിന് പരാതികത്ത് എഴുതുക?’ എന്നിവയും വിവാദമായിട്ടുണ്ട്.

രണ്ട് ചോദ്യങ്ങളിലും ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഇത്തരത്തിലുള്ള രണ്ട് ചോദ്യങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ ശനിയാഴ്ച്ച് നടത്തിയ അവരുടെ പരീക്ഷയില്‍ ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്നതാണ്. ഇതില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും ‘; ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരത് വാദര്‍ പി.ടി.ഐയോട് പറഞ്ഞു.

പരീക്ഷക്ക് സ്ക്കൂള്‍ മാനേജ്മെന്റ് തന്നെയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ ഒരു പങ്കുമില്ലെന്നും ഭരത് വാദര്‍ കൂട്ടിചേര്‍ത്തു.

1948 ജനുവരി 30ന്, ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മ ഗാന്ധിയെ വെടി വെച്ച് കൊല്ലുകയായിരുന്നു. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. ബിര്‍ല ഹൗസില്‍ വെച്ച് തന്നെ മുമ്പ് ഒരു തവണ ഗാന്ധിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു തീവ്രവാദിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ബോംബെ വഴി പൂനെയിലേക്ക് മടങ്ങിപ്പോയിരുന്നു. ഗംഗാധര്‍ ദന്തേവാദെയുടെ സഹായത്തോടെ ഒരു ബെരെറ്റ എം 1934 വാങ്ങിയ നാഥുറാം വിനായക് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും 1948 ജനുവരി 29ന് ഡല്‍ഹിയിലെത്തുകയും ഡല്‍ഹി റയില്‍വേ സറ്റേഷനിലെ ആറാം നമ്പര്‍ വിശ്രമമുറിയില്‍ ഇരുന്നാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതെന്ന് ചരിത്ര രേഖകളില്‍ പറയുന്നു.