LiveTV

Live

National

ആള്‍ക്കൂട്ട കൊലക്കെതിരെ മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല

‘നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ നിന്നും ആറ് പേരെ മാത്രം തെരഞ്ഞെടുത്ത് പുറത്താക്കുകയായിരുന്നു’

ആള്‍ക്കൂട്ട കൊലക്കെതിരെ മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല

ആൾക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവർക്ക് സുരക്ഷ ഒരുക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധർണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാർഥികളെ പുറത്താക്കി മഹാത്മ ഗാന്ധി ഹിന്ദി സർവകാലാശാല. മഹാരാഷ്ട്ര വർദയിലുള്ള മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയയിൽ (എം.ജി.എ.എച്ച്.വി) നിന്നുള്ള ആറ് വിദ്യർഥികളെയാണ് പ്രതിഷേധ പരിപാടി നടത്തിയതിനെ തുടർന്ന് അധികൃതർ പുറത്താക്കിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ധർണ സംഘടിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന കാരണം പറഞ്ഞാണ് വിദ്യാർഥികൾക്കെതിരെ സർവകലാശാല അധികൃതരുടെ പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത്. എന്നാൽ സർവകലാശാലയുടേത് വിവേചനപരമായ പ്രതികാര നടപടിയാണെന്ന് പുറത്താക്കപ്പെട്ട വിദ്യാർഥി ചന്ദ്രൻ സരോജ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ നിന്നും ആറ് പേരെ മാത്രം തെരഞ്ഞെടുത്ത് പുറത്താക്കുകയായിരുന്നു എന്നാണ് സരോജ് പറഞ്ഞത്. പുറത്താക്കിയവരിൽ മൂന്ന് പേർ ദലിതുകളും, മറ്റ് മൂന്ന് പേർ ഇതര പിന്നോക്ക വിഭാഗക്കാരുമായിരുന്നു. നിരവധി മേൽ ജാതിക്കാരായ വിദ്യാർഥികൾ അണി നിരന്ന ധർണയിൽ നിന്നുമാണ് തങ്ങളെ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിച്ചതെന്നും ചന്ദ്രൻ സരോജ് പറഞ്ഞു.

ആള്‍ക്കൂട്ട കൊലക്കെതിരെ മോദിക്ക് കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല

ഒക്ടോബർ 9ന് ബഹുജൻ നേതാവ് കാൻഷി റാമിന്റെ ചരമ വാർഷികത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊട്ടടുത്ത ദിവസം വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ചന്രൻ സരോജിന് പുറമെ ഗവേഷക വിദ്യാർഥികളായ നീരജ് കുമാർ, രാജേഷ് സാരഥി, രജനീഷ് അംബേദ്ക്കർ, പങ്കജ് വേല, വെെഭവ് പിംബൽക്കർ എന്നിവരെയാണ് സർവകലാശാലയിൽ നിന്നും പുറത്താക്കിയത്.