LiveTV

Live

National

‘’മൂന്നു സിനിമകള്‍ 120 കോടി രൂപ വാരി; രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല’’ - കേന്ദ്രമന്ത്രി; ഇതെന്ത് ന്യായീകരണമെന്ന് സോഷ്യല്‍മീഡിയ

ദേശീയ അവധിദിനമായ ഒക്ടോബർ 2 ന് മൂന്ന് സിനിമകളും കൂടി 120 കോടി രൂപ നേടിയെന്ന് ചലച്ചിത്ര നിരൂപകനായ കോമാൽ നഹ്ത എന്നോട് പറഞ്ഞു.

‘’മൂന്നു സിനിമകള്‍ 120 കോടി രൂപ വാരി; രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല’’ - കേന്ദ്രമന്ത്രി; ഇതെന്ത് ന്യായീകരണമെന്ന് സോഷ്യല്‍മീഡിയ

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന വാദം തള്ളിക്കളയുന്നതിനായി മൂന്ന് 'ബ്ലോക്ക്ബസ്റ്റർ' സിനിമകളുടെ വരുമാനം ഉദ്ധരിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബർ രണ്ടിന് മൂന്ന് സിനിമകൾ തീയറ്ററുകളില്‍ നിന്ന് സമ്പാദിച്ചത് 120 കോടി രൂപയാണെന്നും അതില്‍ നിന്ന് തന്നെ ഇവിടെ സാമ്പത്തിക മാന്ദ്യമില്ലെന്ന് വ്യക്തമാണെന്നും പത്രസമ്മേളനത്തിനിടെ രവിശങ്കർ പ്രസാദ് പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് രവിശങ്കർ പ്രസാദിനോട് അഭിപ്രായം ചോദിച്ചപ്പോൾ ചിരിയോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സിനിമകളുടെ വരുമാനം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സിനിമകളുടെ വരുമാനം സംബന്ധിച്ച രേഖകള്‍ പരാമർശിച്ച അദ്ദേഹം, സമ്പദ്‌വ്യവസ്ഥ മികച്ചതാണെന്നും അതിനാലാണ് മൂന്ന് സിനിമകള്‍ 120 കോടി രൂപ നേടിയതെന്നും പറഞ്ഞു.

''മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ ഞാൻ വാര്‍ത്താവിനിമയ വിക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. എനിക്ക് സിനിമകളോട് അത്രമേല്‍ താൽപ്പര്യമുണ്ട്. സിനിമകൾ വമ്പന്‍ ബിസിനസാണ്. ദേശീയ അവധിദിനമായ ഒക്ടോബർ 2 ന് മൂന്ന് സിനിമകളും കൂടി 120 കോടി രൂപ നേടിയെന്ന് ചലച്ചിത്ര നിരൂപകനായ കോമാൽ നഹ്ത എന്നോട് പറഞ്ഞു. മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്താണ് ഈ 120 കോടി രൂപ നേടുന്നത്,” രവിശങ്കർ പ്രസാദ് പറഞ്ഞു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു. സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തിനെതിരെ പോരാടുന്നതിന് സർക്കാർ പ്രത്യേക പരിഹാരങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓല, ഉബർ സർവീസുകൾ കാരണമാണ് രാജ്യത്തെ കാർ വിൽപ്പനയിൽ ഇടിവുണ്ടായതെന്ന് സെപ്റ്റംബറിൽ നിർമല സീതാരാമൻ കുറ്റപ്പെടുത്തിയിരുന്നു.

ഇതൊക്കെയാണെങ്കിലും രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയ്ക്ക് ദഹിച്ചിട്ടില്ല. സിനിമകളുടെ വരുമാനമാണോ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കരുത്ത് അടയാളപ്പെടുത്താനുള്ള മാനദണ്ഡമെന്നാണ് അവര്‍ ചോദിക്കുന്നത്. ഇത് ഒന്നൊന്നര ന്യായീകരണമായി പോയെന്നും ചിലര്‍ പരിഹസിക്കുന്നു.