LiveTV

Live

National

റഫാലിന് നാരങ്ങ വെച്ച് രാജ്നാഥ്; ഇതൊക്കെ അന്ധവിശ്വസങ്ങളാണെന്ന് മോദിയുടെ പഴയ വീഡിയോ

എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത്. അത് ഇനിയും തുടരും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. 

റഫാലിന് നാരങ്ങ വെച്ച് രാജ്നാഥ്; ഇതൊക്കെ അന്ധവിശ്വസങ്ങളാണെന്ന് മോദിയുടെ പഴയ വീഡിയോ

കഴിഞ്ഞ ദിവസമാണ്‌ ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയത്. കരാര്‍ പ്രകാരമുള്ള 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്. റഫാല്‍ യുദ്ധ വിമാനം ഏറ്റുവാങ്ങിയ ശേഷം ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് തങ്ങളുടെ വിശ്വാസമാണെന്നും അതിലൊരു തെറ്റുമില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രാജ്നാഥ് പറയുകയും ചെയ്തു.

''ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാൻ കഴിയും. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത്. അത് ഇനിയും തുടരും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഒരു സര്‍വ്വശക്തി ഈ ലോകത്തുണ്ടെന്നും കുട്ടിക്കാലം മുതൽ ഞാൻ അതില്‍ വിശ്വസിക്കുന്നുവെന്നുമായിരുന്നു രാജ്നാഥിന്റെ പ്രതികരണം. എന്നാല്‍ ഈ ന്യായീകരണങ്ങളൊന്നും പോരാതെ വരും മോദി പണ്ടു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുമ്പോള്‍. വാഹനങ്ങളില്‍ നാരങ്ങയും മുളകുമൊക്കെ കെട്ടിത്തൂക്കുന്നതൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് മോദി പറയുന്ന പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോദി പ്രേമികളെയും ബി.ജെ.പി ഐ.ടി സെല്ലിനെയുമൊക്കെ ട്രോളാന്‍ മോദിയുടെ പഴയ വീഡിയോകളേക്കാള്‍ നന്നായി മറ്റാര്‍ക്കും കഴിയില്ലെന്ന അടിക്കുറിപ്പുമായാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇത്തരം അന്ധവിശ്വാസങ്ങള്‍ പേറുന്ന ജനങ്ങള്‍ രാജ്യത്തിന് എങ്ങനെ പ്രചോദനമാകുമെന്നാണ് മോദി വീഡിയോയില്‍ ചോദിക്കുന്നത്. പുതിയ കാര്‍ വാങ്ങിയ ഒരു മുഖ്യമന്ത്രിയുടെ ഉദാഹരണവും മോദി പറയുന്നുണ്ട്. അദ്ദേഹം നാരങ്ങയും മുളകും കാറില്‍ തൂക്കി. പിന്നെ മറ്റ് ചിലതും. ഇത് നമ്മുടെ രാജ്യത്തിന് എന്തു പ്രചോദനമാണ് നല്‍കുന്നത്. ഇതുപോലെയുള്ള അന്ധവിശ്വാസങ്ങള്‍ വെച്ചുപൊറുപ്പിക്കുന്ന ജനങ്ങള്‍ പൊതുസമൂഹത്തിന് അപകടമാണെന്നും മോദി വീഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും ആ മുഖ്യമന്ത്രിയുടെ പേര് മാത്രം മോദി വീഡിയോയില്‍ പറയുന്നില്ല.