LiveTV

Live

National

ജി.എസ്.ടിയെപ്പറ്റി പരാതിപറഞ്ഞപ്പോൾ കുപിതയായി നിർമല സീതാരാമൻ; 'പാർലെന്റ് പാസാക്കിയ നിയമത്തെ നിന്ദിക്കാൻ പാടില്ല'

പൂനെ കോസ്റ്റ് അക്കൗണ്ടിങ് അസോസിയേഷന്റെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ജി.എസ്.ടിയിലെ പാകപ്പിഴവുകൾ ചൂണ്ടിക്കാണിക്കാൻ തുനിഞ്ഞപ്പോഴാണ് മന്ത്രി ഇടപെട്ടത്

ജി.എസ്.ടിയെപ്പറ്റി പരാതിപറഞ്ഞപ്പോൾ കുപിതയായി നിർമല സീതാരാമൻ; 'പാർലെന്റ് പാസാക്കിയ നിയമത്തെ നിന്ദിക്കാൻ പാടില്ല'

അശാസ്ത്രീയമായി നടപ്പിലാക്കിയ ജി.എസ്.ടിയെപ്പറ്റി പരാതിപറഞ്ഞ വ്യവസായിക്കുനേരെ കുപിതയായി ധനകാര്യമന്ത്രി നിർമല സീതാരാമൻ. മഹാരാഷ്ട്രയിലെ പൂനെയിൽ സംരംഭകരും വ്യവസായികളും ചാർട്ടേഡ് അക്കൗണ്ടന്റുമാരുമടങ്ങുന്ന സദസ്സുമായി സംവദിക്കവെയാണ് പാർലമെന്റ് പാസാക്കിയ നിയമത്തെ നിന്ദിക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

പൂനെ കോസ്റ്റ് അക്കൗണ്ടിങ് അസോസിയേഷന്റെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ജി.എസ്.ടിയിലെ പാകപ്പിഴവുകൾ ചൂണ്ടിക്കാണിക്കാൻ തുനിഞ്ഞപ്പോഴാണ് മന്ത്രി ഇടപെട്ടത്: ''വ്യവസായികളും പൊതുജനങ്ങളുമെല്ലാം ജി.എസ്.ടിയെ പ്രതീക്ഷിക്കുന്നത് നല്ലതും ലളിതവുമായ നികുതി ആയിട്ടാണ്. വ്യാപാരം നടത്തുന്നതിന്റെ സങ്കീർണതകൾ ഇല്ലാതാവാനും അഴിമതി ഒഴിവാക്കാനും ഭരണപ്രക്രിയ ലളിതമാവാനും വരുമാനം വർധിക്കാനും ജി.എസ്.ടി സഹായിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ അങ്ങനെയല്ല. ജി.എസ്.ടിയിൽ അഞ്ച് മാറ്റങ്ങൾ ഞങ്ങൾക്ക് നിർദേശിക്കാനുണ്ട്. ഡൽഹിയിൽ വന്ന് അങ്ങയെ കാണാൻ അവസരം നൽകണം. ഈ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ജി.എസ്.ടി നല്ലതും ലളിതവുമായ നികുതി ആയിമാറും. ഇപ്പോൾ എല്ലാവരും സർക്കാറിനെ ശപിക്കുകയാണ്; വ്യവസായികളും കൺസൾട്ടന്റുമാരും ഓഡിറ്റർമാരുമെല്ലാം ശപിക്കുകയാണ്...'' എന്നു പറഞ്ഞപ്പോഴാണ് മന്ത്രി ഇടപെട്ടത്.

''നിങ്ങൾക്ക് അഞ്ചല്ല അൻപത് പേരുമായി ഡൽഹിയിൽ വരാം; അഞ്ചോ അൻപതോ നിർദേശങ്ങൾ നൽകാം. പക്ഷേ, ക്ഷമിക്കണം. അത് നടപ്പിലാക്കാൻ കഴിയില്ല. ഈ രാജ്യത്ത്, വളരെ കാലത്തിനു ശേഷം, പാർലെന്റിലെ വിവിധ പാർട്ടികളും എല്ലാ സംസ്ഥാന സർക്കാറുകളും ചർച്ച ചെയ്താണ് ഒരു കാര്യം തീരുമാനിക്കുന്നത്. പെട്ടെന്ന്, എന്തൊരു മോശം രീതിയാണിത് എന്ന് പറയാൻ പാടില്ല. രണ്ടുവർഷമേ ആയിട്ടുള്ളൂ. ഒന്നാം ദിവസം മുതൽക്കേ ജി.എസ്.ടി നിങ്ങളുടെ പ്രതീക്ഷക്കൊത്തുയരണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ആവാത്തതിൽ ക്ഷമിക്കണം. പാർലമെന്റും സംസ്ഥാനങ്ങളും പാസാക്കിയ നിയമമാണിത്. അതിനെ നിന്ദിക്കാൻ പാടില്ല.'' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ജി.എസ്.ടി സംബന്ധിച്ച പരാതികൾ ചൂണ്ടിക്കാട്ടാനും പരിഹരിക്കാനുമാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും നിയമത്തെ നിന്ദിക്കരുതെന്നും നിർമല പറഞ്ഞു.