LiveTV

Live

National

സാക്സോഫോണ്‍ മാന്ത്രികന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

സാക്സോഫോണ്‍ മാന്ത്രികന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകത്തിലെ മിക്കവാറും എല്ലാ രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രിയുടെ സാക്‌സോഫോണ്‍ മുഴങ്ങിയിട്ടുണ്ട്. ബി.ബി.സിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്‌ഞനാണ് കദ്രി. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിലും അദ്ദേഹത്തിന്‍റെ സംഗീതം മുഴങ്ങി.

നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതലാണ് സാക്‌സോഫോണിനോട് ഇഷ്ടം തുടങ്ങിയത്.

1970ല്‍ മുംബൈയില്‍ നടന്ന ജാസ് ഫെസ്റ്റിവലായിരുന്നു വഴിത്തിരിവ്. പിന്നീട് പ്രാഗ്, ബെര്‍ലിന്‍, മെക്‌സിക്കോ തുടങ്ങി നിരവധി ഫെസ്റ്റിവലുകളില്‍ മികവ് തെളിയിച്ചു. വൈകാതെ സാക്സോഫോണ്‍ മാന്ത്രികന്‍ എന്ന വിശേഷണം കദ്രിയെ തേടിയെത്തി.

നിരവധി പുരസ്കാരങ്ങളും കദ്രിക്ക് സ്വന്തമായി. പത്മശ്രീക്ക് പുറമെ ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി, ചെമ്പൈ പുരസ്കാരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്‌ഥാന വിദ്വാൻ പദവിയുമുണ്ട്. സിനിമകളിലെ പാട്ടുകളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. എ.ആര്‍ റഹ്മാന് വേണ്ടിയാണ് കൂടുതല്‍ തവണ വായിച്ചത്.